തൃശ്ശൂർ : ചേലക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥിയായി രമ്യ ഹരിദാസിനെ നിർത്തരുതെന്ന പി വി അൻവറിന്റെ ആവശ്യം തള്ളി യുഡിഎഫ്. അൻവർ ആവശ്യപ്പെട്ടതുപോലെ പാലക്കാടും ചേലക്കരയിലും സ്ഥാനാർത്ഥികളെ പിൻവലിച്ചുകൊണ്ടുള്ള സമവായ ചർച്ചകൾ വേണ്ട എന്നാണ് യുഡിഎഫ് അറിയിച്ചത്. എന്നാൽ പി വി അൻവറിനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ തുടരുമെന്നും യുഡിഎഫ് സൂചിപ്പിക്കുന്നു.
ചേലക്കരയിൽ യുഡിഎഫിനെ പിന്തുണയ്ക്കണമെങ്കിൽ നിലവിലെ സ്ഥാനാർത്ഥിയായ രമ്യാ ഹരിദാസിനെ മാറ്റി ഡിഎംകെയുടെ എൻ കെ സുധീറിനെ സ്ഥാനാർത്ഥിയാക്കണം എന്നായിരുന്നു അൻവർ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ പ്രഖ്യാപിച്ച സ്ഥാനാർത്ഥികളെ പിൻവലിക്കാൻ ആവില്ല എന്നാണ് യുഡിഎഫ് നിലപാട്. അതേസമയം പി വി അൻവർ നിരുപാധികമായ പിന്തുണ നൽകിയാൽ സ്വീകരിക്കുമെന്നും യുഡിഎഫ് വ്യക്തമാക്കി.
പി വി അൻവറിന്റെ പുതിയ പാർട്ടിയായ ഡി എം കെ പാലക്കാടും ചേലക്കരയിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു. അതേസമയം യുഡിഎഫുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും അൻവർ വ്യക്തമാക്കി. എന്നാൽ ചേലക്കരയിലെ സ്ഥാനാർത്ഥിയായ രമ്യ ഹരിദാസിനെ പിൻവലിച്ച് സുധീറിനെ സ്ഥാനാർത്ഥിയാക്കണം എന്നായിരുന്നു അൻവറിന്റെ ഉപാധി. യുഡിഎഫ് അങ്ങനെ ചെയ്താൽ പാലക്കാടുള്ള തന്റെ സ്ഥാനാർത്ഥിയെ പിൻവലിക്കാം എന്നും അൻവർ വ്യക്തമാക്കിയിരുന്നു. ഈ ഉപാധിയാണ് ഇപ്പോൾ യുഡിഎഫ് തള്ളിയിരിക്കുന്നത്.
Discussion about this post