ന്യൂഡൽഹി : കിഴക്കൻ ലഡാക്കിലെ യഥാർത്ഥ നിയന്ത്രണ രേഖയിലെ പട്രോളിംഗ് സംബന്ധിച്ച് ഇന്ത്യയും ചൈനയും തമ്മിൽ ധാരണയിലായി. ഇതോടെ 2020 നു ശേഷം വീണ്ടും യഥാർത്ഥ നിയന്ത്രണ രേഖയിൽ പട്രോളിംഗ് പുനരാരംഭിക്കും. ഇന്ത്യൻ സായുധ സേനയെ ആയിരിക്കും നിയന്ത്രണ രേഖയിൽ വിന്യസിക്കുക എന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ സ്ഥിരീകരിച്ചു.
2020-ലെ ഇന്ത്യ-ചൈന സംഘർഷത്തിന് മുൻപുണ്ടായിരുന്ന അതേ അവസ്ഥയിലേക്ക് മടങ്ങാനും ആക്‌സസ് ചെയ്യാവുന്ന പ്രദേശങ്ങളിൽ പട്രോളിംഗ് പുനരാരംഭിക്കാനുമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചയിൽ ധാരണയായിട്ടുള്ളത്. ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ നഗരമായ കസാനിലേക്ക് പോകുന്നതിന് ഒരു ദിവസം മുൻപാണ് ചൈനയും ഇന്ത്യയും തമ്മിലുള്ള ഈ സുപ്രധാന നീക്കം നടത്തുന്നത് എന്നുള്ളതും ശ്രദ്ധേയമാണ്.
എൽഎസിയിൽ പട്രോളിംഗ് നടത്തുന്നതിന് ഇന്ത്യയും ചൈനയും തമ്മിൽ ധാരണയിലെത്തിയതായി വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി ആണ് ആദ്യമായി വ്യക്തമാക്കിയത്. തുടർന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇക്കാര്യം സ്ഥിരീകരിക്കുകയായിരുന്നു. യഥാർത്ഥ നിയന്ത്രണ രേഖയുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മിലുള്ള അവശേഷിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇന്ത്യയും ചൈനയും ചർച്ച നടത്തുന്നുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി പറഞ്ഞു. ഡെപ്‌സാങ്, ഡെംചോക്ക് മേഖലകളിൽ പട്രോളിങ് നടത്തുന്നതുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ ഇന്ത്യയും ചൈനയും തമ്മിൽ ധാരണയിലെത്തിയിരിക്കുന്നത്.
റഷ്യയിൽ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡണ്ട് ഷി ജിൻപിങ്ങും പങ്കെടുക്കുന്നുണ്ട്. ഉച്ചകോടിക്കിടെ മോദിയും ഷി ജിൻപിങ്ങും ഉഭയകക്ഷി ചർച്ച നടത്തുമെന്നാണ് കരുതപ്പെടുന്നത്. 2020 ജൂണിൽ ഗാൽവാൻ താഴ്‌വരയിൽ ചൈനീസ് സൈന്യം നടത്തിയ നടപടിയെ തുടർന്ന് ഇരുപക്ഷവും തമ്മിലുണ്ടായ ഗുരുതര സൈനിക ഏറ്റുമുട്ടലിലൂടെ ആയിരുന്നു ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം രൂക്ഷമായി തകർന്ന നിലയിൽ എത്തിയത്. അതിർത്തിയിൽ സമാധാനം നിലനിൽക്കാതെ ചൈനയുമായുള്ള ബന്ധം സാധാരണ നിലയിലാകില്ലെന്ന നിലപാടിലായിരുന്നു ഇന്ത്യ. ഇതിനിടെയാണ് ഇപ്പോൾ ഇരു രാജ്യങ്ങളും തമ്മിൽ പരസ്പര ധാരണയിൽ എത്തിയെന്ന സുപ്രധാന വാർത്ത പുറത്തുവരുന്നത്.
Discussion about this post