കറാച്ചി: മോഡേൺ ജീവിതം ഇഷ്ടമല്ലാത്തതിനാൽ വീട്ടിലെ നാല് സ്ത്രീകളെ കഴുത്തറത്ത് കൊലപ്പെടുത്തി യുവാവ്. പാകിസ്താനിലെ കറാച്ചിയിലാണ് സംഭവം. സംഭവത്തിൽ ബിലാൽ അഹമ്മദ് എന്ന യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
പ്രതിയുടെ അമ്മ, സഹോദരി, സഹോദരിയുടെ മകൾ, സഹോദരന്റെ ഭാര്യ എന്നിവരെയാണ് പ്രതി ക്രൂരമായി കൊലപ്പെടുത്തിയത്. കുടംബാംഗങ്ങളുടെ മോഡേൺ ജീവിതവും സോഷ്യൽ മീഡിയ ഉപയോഗവും ഇഷ്ടപ്പെടാതിരുന്ന പ്രതി ഇവരെ കൊലപ്പെടുത്തുകയായിരുന്നു. കറാച്ചിയിലെ ഓൾഡ് സോൾജ്യർ ബസാറിലുള്ള അപ്പാർട്ട്‌മെന്റിൽ നിന്നാണ് പോലീസ് നാല് മൃതദേഹങ്ങളും കണ്ടെടുത്തത്.
തന്റെ ദാമ്പത്യജീവിതത്തെ താളം തെറ്റിച്ചത് കുടുംബാംഗങ്ങളുടെ ജീവിതരീതിയാണെന്ന് യുവാവ് പോലീസിന് മൊഴി നൽകി. മതപരമായ വിശ്വാസങ്ങിൽ മാത്രം ജീവിച്ചിരുന്ന ഭാര്യ കുടുംബാംഗങ്ങളുടെ മോഡേൺ ജീവിതം കാരണം ബന്ധം ഉപേക്ഷിച്ചു പോവുകയായിരുന്നുവെന്നും ഇയാൾ പറയുന്നു. നാല് പേർക്കും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉണ്ടായിരുന്നു. ഇവർ അവരുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കുവക്കുന്നതും പ്രതിക്ക് ഇഷ്ടമുണ്ടായിരുന്നില്ല. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
സഹോദരിയെ മാത്രം കൊല്ലാനാണ് ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാൽ, മറ്റു മൂന്ന് പേരും കൊലപാതകത്തിന് ദൃക്‌സാക്ഷികളാകുമെന്നതിനാൽ നാല് പേരെയും കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Discussion about this post