കണ്ണൂര്‍: നവീൻ ബാബുവിന്റെ മരണത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പിപി ദിവ്യ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് വാദം കേള്‍ക്കും. ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ.ടി. നിസാർ അഹമ്മദ് വ്യാഴാഴ്ച വാദം കേൾക്കും. ഭാരതീയ ന്യായസംഹിതയിലെ 108 വകുപ്പ് പ്രകാരമുള്ള കുറ്റമാണ് ദിവ്യയ്ക്കെതിരേ ചുമത്തിയത്.
നവീൻ ബാബുവിന്റെ മരണത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഇന്നലെ പ്രതികരിച്ചിരുന്നു. നവീൻ ബാബുവിന്റെ മരണം വേദനിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നവീൻ ബാബുവിന്റെ മരണം അതീവ ദുഃഖകരമാണ്. നിർഭയമായി നീതിയുക്തമായി ജോലി ചെയ്യുന്നവരെ സംരക്ഷിക്കും. അത്തരക്കാരുടെ ആത്മാഭിമാനം ചോദ്യം ചെയ്യാൻ ആരെയും അനുവദിക്കില്ല. സ്ഥലമാറ്റം പൂർണമായും ഓൺലൈനാക്കും. അർഹത അനുസരിച്ച് സ്ഥലമാറ്റമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നവീൻ ബാബുവിന്റെ മരണത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യക്കെതിരെ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു.
Discussion about this post