ഇസ്ലാമാബാദ്: പാകിസ്താനിൽ ഭീകരാക്രമണം. 10 സൈനികർ കൊല്ലപ്പെട്ടു. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ചെക്ക്‌പോസ്റ്റിലാണ് ആക്രമണം ഉണ്ടായത്. 10 സൈനികർ കൊല്ലപ്പെടുകയും മൂന്ന് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം തെഹ്രീകെ താലിബാൻ പാകിസ്താൻ ഏറ്റെടുത്തു. കനത്ത ഏറ്റുമുട്ടൽ ഒരു മണിക്കൂറോളം നീണ്ടുനിന്നതായി മുതിർന്ന ഇന്റലിജൻസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എ.എഫ്.പി റിപ്പോർട്ട് ചെയ്തു. ദേര ഇസ്മായിൽ ഖാൻ ജില്ലയിലെ ദരാബൻ പ്രദേശത്തെ ചെക്ക് പോസ്റ്റിന് നേരെയുണ്ടായ ആക്രമണത്തെ തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ആക്രമണം നടന്നയുടൻ സൈനികരുടെ ഒരു സംഘം സ്ഥലത്തെത്തിയതായും അക്രമികളെ പിടികൂടാൻ വൻ ഓപ്പറേഷൻ ആരംഭിച്ചതായും ഓഫീസർ പറഞ്ഞു.
അഫ്ഗാനിസ്ഥാനിലെ സുരക്ഷിത താവളങ്ങളിൽ നിന്ന് ടിടിപി പ്രവർത്തനങ്ങൾ നടത്തുന്നതായി പാകിസ്താൻ തുടർച്ചയായി ആരോപിച്ചിരുന്നു. 2021-ൽ കാബൂളിൽ താലിബാൻ സർക്കാർ രൂപീകരിച്ചതിന് ശേഷം പാകിസ്താനിൽ തീവ്രവാദ സംഭവങ്ങൾ വർദ്ധിച്ചുവെന്നാണ് ആരോപണം.
Discussion about this post