പാലക്കാട് : പാലക്കാടിനെ നടുക്കി വീണ്ടും വാഹനാപകടം. കാർ മതിലിൽ ഇടിച്ചു കയറി ഉണ്ടായ അപകടത്തിൽ രണ്ട് സ്ത്രീകൾ മരിച്ചു. പാലക്കാട് കൊപ്പത്ത് വെച്ചാണ് അപകടം ഉണ്ടായത്. മലപ്പുറം സ്വദേശിനികളാണ് മരിച്ച രണ്ട് സ്ത്രീകളും.
മലപ്പുറം ചങ്ങരംകുളം കൊക്കൂർ സ്വദേശിനി സജ്ന ( 43 ) ഭർതൃമാതാവായ ആയിഷ (74) എന്നിവരാണ് മരിച്ചത്. കാർ അപകടത്തെ തുടർന്ന് ഗുരുതരമായ പരിക്കുകളോടെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് ഇരുവരും മരിച്ചത്.
ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം നടന്നത്. കാറിൽ ഉണ്ടായിരുന്ന മറ്റൊരാളുടെ നില ഗുരുതരമായി തുടരുകയാണ്. കൊപ്പത്ത് വെച്ച് കാർ മരത്തിലും മതിലിലും ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ പൂർണ്ണമായും തകർന്ന കാറിനുള്ളിൽ നിന്നും നാട്ടുകാർ ചേർന്ന് പുറത്തെടുത്ത യാത്രക്കാരെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ രാത്രിയോടെ രണ്ടുപേരുടെ മരണം സംഭവിക്കുകയായിരുന്നു.
Discussion about this post