ന്യൂഡൽഹി: മഹാരാഷ്ട്ര മുൻ മന്ത്രി ബാബ സിദ്ദിഖിയുടെ മകൻ സീഷാൻ സിദ്ദിഖിനും ബോളിവുഡ് താരം സൽമാൻ ഖാനും വധഭീഷണി. സംഭവത്തിൽ മഹമ്മദ് ഏലിയാസ് ഗർഫാൻ എന്ന 20 വയസുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. നോയിഡയിൽ നിന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരമാണ് സിഷാൻ സിദ്ദിഖിന് നേരെ വധഭീഷണി മുഴക്കിക്കൊണ്ട് ഫോൺ കോൾ വന്നത്. തുടർന്ന് അദ്ദേഹത്തിന്റെ പരാതിയിൽ പോലീസ് കേസെടുക്കുകയായിരുന്നു. ഭീഷണിക്ക് പുറമെ സൽമാൻ ഖാനിൽ നിന്നും സിഷാൻ സിദ്ദിഖിൽ നിന്നും പണവും ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞമാസം 12നായിരുന്നു ദസറയോടനുബന്ധിച്ചുള്ള ആഘോഷങ്ങൾക്കിടെ ബാബാ സിദ്ദിഖ് വെടിയേറ്റ് മരിച്ചത്. കേസിൽ 15 പേരെ ഇതുവരെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബാബാ സിദ്ദിഖിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ലോറൻസ് ബിഷ്ണോയി സംഘത്തിലെ ഒരാൾ രംഗത്ത് വന്നിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ഇപ്പോഴും തുടരുകയാണ്.
Discussion about this post