തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍കാവ് മണ്ഡലത്തില്‍ നിന്നും വടക്കന്‍ ജില്ലകളിലെ ഏതെങ്കിലും മണ്ഡലത്തിലേക്ക് മാറുമെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്. മത്സരിക്കുന്നുണ്ടെങ്കില്‍ അത് വട്ടിയൂര്‍കാവില്‍ മാത്രമായിരിക്കുമെന്നും മുരളീധരന് പറഞ്ഞു.
തോല്‍വി ഭയന്ന് സുരക്ഷിതമായ മറ്റേതെങ്കിലും മണ്ഡലം തേടുന്നത് ശരിയല്ല. മൂന്നുതവണ താന്‍ നിയമസഭയിലേക്ക് മത്സരിച്ചു. വടക്കാഞ്ചേരിയില്‍ ഉപതിരഞ്ഞെടുപ്പിലും കൊടുവള്ളിയിലും പരാജയപ്പെട്ടു. നല്ല ഭൂരിപക്ഷത്തിനാണ് വട്ടിയൂര്‍കാവില്‍ തന്നെ വിജയിപ്പിച്ചത്. നിയമസഭയില്‍ കന്നിപ്രവേശനം തന്ന നിയോജക മണ്ഡലമാണ്. ഇത് ഉപേക്ഷിച്ച് പോകേണ്ട ഒരു സാഹചര്യവുമില്ലെന്ന് അദ്ദേഹം ഒരു ചാനല്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.
ഉറച്ച മണ്ഡലമെന്ന കണക്കുകൂട്ടലില്‍ വട്ടിയൂര്‍കാവ് മണ്ഡലത്തില്‍ മത്സരിക്കാന്‍ പല പ്രമുഖ നേതാക്കളും ശ്രമിക്കുന്നുണ്ടെന്ന വാര്‍ത്തകള്‍ പുറത്തു വരുമ്പോഴാണ് മുരളീധരന് നയം വ്യക്തമാക്കിയത്.
പാര്‍ട്ടി തന്നെ ഒരു മണ്ഡലം ഏല്‍പ്പിച്ചു. അത് ഭംഗിയായി നടത്തിക്കൊണ്ടുപോകേണ്ട ചുമതല തനിക്കുണ്ട്. ഇവിടെ സുരക്ഷിതമല്ലെന്ന് തോന്നിയാല്‍ മറ്റൊരിടത്തേക്ക് പോകുക, അവിടെ സുരക്ഷതമല്ലെന്ന് തോന്നുമ്പോള്‍ ഇങ്ങോട്ട് വരിക എന്നതൊന്നും ശരിയായ നടപടിയല്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post