ന്യൂഡൽഹി: പ്രധാനമന്ത്രി വിദ്യാലക്ഷ്മി പദ്ധതിക്ക് കേന്ദ്ര അംഗീകാരം. വിദ്യാർത്ഥികൾക്ക് അവരുടെ ഉന്നത വിദ്യഭ്യാസം നേടാൻ സാമ്പത്തിക പരിമിതികൾ ഒരു തടസമാവരുടെന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി വിദ്യാലക്ഷ്മി പദ്ധതിക്ക് കേന്ദ്രം അംഗീകാരം നൽകിയത്. പദ്ധതിക്ക് കീഴിൽ യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യഭ്യാസത്തിനായി 10 ലക്ഷം രൂപ വരെ ലോണുകൾ ലഭ്യമാക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കാബിനറ്റ് യോഗത്തിലാണ് പദ്ധതിക്ക് അംഗീകാരമായത്.
ഇതിനോടൊപ്പം 2024- 25 അദ്ധ്യയന വർഷം മുതൽ 2030- 31 അദ്ധ്യയന വർഷം വരെ വിദ്യാർത്ഥികൾക്ക് 3600 കോടി രൂപ കേന്ദ്രം അനുവധിച്ചിട്ടുണ്ട്. ഈ പദ്ധതി വഴി 22 ലക്ഷം വിദ്യാർത്ഥികൾക്കാണ് സാമ്പത്തിക സഹായം ലഭ്യമാക്കുക.
പിഎം വിദ്യാലക്ഷ്മി സ്‌കീമിന് കീഴിൽ, ഗുണനിലവാരമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിൽ പ്രവേശനം നേടുന്ന ഏതൊരു വിദ്യാർത്ഥിക്കും മുഴുവൻ കോഴ്‌സ് ഫീസും കോഴ്സുമായി ബന്ധപ്പെട്ട മറ്റ് ചെലവുകളും വഹിക്കുന്നതിന് ബാങ്കുകളിൽ നിന്നും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ഈടില്ലാതെയും ഗ്യാരണ്ടർ രഹിത വായ്പ ലഭിക്കാൻ അർഹതയുണ്ട്. ലളിതവും സുതാര്യവും വിദ്യാർത്ഥി സൗഹൃദവുമായ സംവിധാനത്തിലൂടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പൂർണ്ണമായും ഡിജിറ്റൽ സംവിധാനത്തിലൂടെയായിരിക്കും ഈ പദ്ധതി മുന്നോട്ട് പോവുക.
Discussion about this post