ന്യൂഡൽഹി: ത്രിരാഷ്ട്ര പര്യടനത്തിന്റെ ഭാഗമായി നൈജീരിയയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഉജ്ജ്വലസ്വീകരണം. അബുജ വിമാനത്താവളത്തിൽ നൈജീരിയൻ പ്രസിഡന്റ് ബോല അഹമ്മദ് ടിനുബു പ്രധാനമന്ത്രി മോദിയെ സ്വീകരിച്ചു.തലസ്ഥാനമായ അബുജയിൽ മോദിയെ നൈജീരിയയുടെ ഫെഡറൽ ക്യാപിറ്റൽ ടെറിട്ടറിയുടെ മന്ത്രി നൈസോം എസെൻവോ വൈക്ക് ആചാരപരമായി സ്വീകരിച്ചു, അബുജയുടെ പ്രതീകാത്മക താക്കോൽ വൈക്ക് മോദിക്ക് സമ്മാനിച്ചു
നന്ദി, പ്രസിഡന്റ് ടിനുബു. അൽപ്പസമയം മുമ്പ് നൈജീരിയയിൽ വിമാനമിറങ്ങി. ഊഷ്മളമായ സ്വീകരണത്തിന് നന്ദി. ഈ സന്ദർശനം നമ്മുടെ രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി സൗഹൃദം കൂടുതൽ ആഴത്തിലാക്കട്ടെയെന്ന് നൈജീരിയയിലെത്തിയ പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു.അബുജ വിമാനത്താവളത്തിൽ തടിച്ചുകൂടിയ ഇന്ത്യൻ സമൂഹം മോദിയെ സ്വീകരിച്ചു. ‘നൈജീരിയയിലെ ഇന്ത്യൻ സമൂഹം ഊഷ്മളവും ഊഷ്മളവുമായ സ്വാഗതം നൽകുന്നത് കാണുമ്പോൾ ഹൃദയയംനിറയുന്നുവെന്നും പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു.
നൈജീരിയൻ പ്രസിഡന്റ് ബോല അഹമ്മദ് ടിനുബുവിന്റെ ക്ഷണപ്രകാരമാണ് സന്ദർശനം. രണ്ട് ദിവസം പ്രധാനമന്ത്രി നൈജീരിയയിലുണ്ടാകും. 17 വർഷത്തിന് ശേഷമാണ് ഇന്ത്യൻ പ്രധാനമന്ത്രി നൈജീരിയയിലെത്തുന്നത്. പശ്ചിമാഫ്രിക്കൻ മേഖലയിലേക്കുള്ള പ്രധാനമന്ത്രിയുടെ ആദ്യ സന്ദർശനം കൂടിയാണിത്.നൈജീരിയയുമായുള്ള സഹകരണം ശക്തമാക്കാനുള്ള ചർച്ച മോദിയുടെ സന്ദർശന വേളയിൽ നടക്കും. നൈജീരിയയ്ക്ക് പിന്നാലെ ബ്രസീൽ, ഗയാന രാജ്യങ്ങളും സന്ദർശിക്കും. ബ്രസീലിൽ നടക്കുന്ന ജി ഇരുപത് ഉച്ചകോടിയിൽ മോദി പങ്കെടുക്കും.
Discussion about this post