അസമിൽ നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ കോൺഗ്രസിന് കനത്ത തിരിച്ചടി നൽകിക്കൊണ്ട് മുതിർന്ന നേതാവും എംപിയുമായ പ്രദ്യുത് ബോർദലോയ് ബിജെപിയിൽ ചേർന്നു. ശശി തരൂരിനെ പിന്തുണച്ചതിന്റെ പേരിൽ പാർട്ടിയിൽ താൻ അവഗണിക്കപ്പെടുകയായിരുന്നു എന്ന് അദ്ദേഹം വെളിപ്പെടുത്തി.
2022-ൽ നടന്ന കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ശശി തരൂരിനെ പിന്തുണച്ചതാണ് തനിക്കെതിരെയുള്ള നീക്കങ്ങൾക്ക് തുടക്കമിട്ടതെന്ന് ബോർദലോയ് ആരോപിച്ചു. തരൂരിന്റെ സ്ഥാനാർത്ഥിത്വത്തെ പിന്താങ്ങിയവരിൽ ഒരാളായിരുന്നു അദ്ദേഹം. മല്ലികാർജുൻ ഖർഗെ വിജയിച്ച ശേഷം തന്നെ എല്ലാ പാർട്ടി ഫോറങ്ങളിൽ നിന്നും ബോധപൂർവ്വം മാറ്റിനിർത്തിയെന്നും ഒരു ‘അയിത്തം’ കൽപ്പിച്ചതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഖാർഗെ വ്യക്തിപരമായി തന്നോട് വിരോധം കാണിച്ചില്ലെങ്കിലും പാർട്ടിയിലെ മറ്റ് നേതാക്കൾ തന്നെ തഴഞ്ഞു. ക്രിമിനൽ പശ്ചാത്തലമുള്ള സ്ഥാനാർത്ഥികൾക്കെതിരെ താൻ തെളിവ് സഹിതം പരാതി നൽകിയിട്ടും പാർട്ടി നേതൃത്വം അത് അവഗണിച്ചു. ഇമ്രാൻ മസൂദിനെപ്പോലെയുള്ള നേതാക്കൾ തന്നെ പരസ്യമായി അപമാനിച്ചിട്ടും സംസ്ഥാന അധ്യക്ഷൻ മൗനം പാലിച്ചത് തന്നെ ഏറെ വേദനിപ്പിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രദ്യുത് ബോർദലോയിയുടെ കുടുംബത്തിന് കോൺഗ്രസ് അർഹമായ പരിഗണന നൽകിയിട്ടുണ്ടെന്ന് അസം കോൺഗ്രസ് അധ്യക്ഷൻ ഗൗരവ് ഗൊഗോയ് പ്രതികരിച്ചു. ബോർദലോയ് നിലവിൽ എംപിയാണ്, കൂടാതെ അദ്ദേഹത്തിന്റെ മകൻ പ്രതീക്കിന് മാർഗരിറ്റ സീറ്റിൽ കോൺഗ്രസ് സീറ്റ് നൽകിയിട്ടുമുണ്ട്. ഇതെല്ലാം മറന്നാണ് അദ്ദേഹം പാർട്ടി വിട്ടതെന്ന് ഗൊഗോയ് കുറ്റപ്പെടുത്തി.








