തിരുവനന്തപുരം; സീരിയൽ രംഗത്ത് സെൻസറിംഗ് അനിവാര്യമാണെന്ന് വനിത കമ്മീഷൻ അദ്ധ്യക്ഷ പി സതീദേവി. സീരിയലുകളെ സംബന്ധിച്ച് ഗൗരവത്തോടെ ചർച്ച ചെയ്യേണ്ട ഒട്ടേറെ വിഷയങ്ങളുണ്ടെന്നും സമൂഹത്തിൽ നല്ല സന്ദേശങ്ങളെത്തിക്കാൻ സീരിയലുകൾ എത്രത്തോളം ഉതകുന്നുണ്ടെന്നും പരിശോധിക്കേണ്ടതുണ്ടെന്ന് പി സതീദേവി പറഞ്ഞു. മെഗാ സീരിയൽ നിരോധിക്കണമെന്ന വനിതാ കമ്മീഷന്റ റിപ്പോർട്ടിനെ കുറിച്ച് അറിയില്ല. 2017 -18 കാലത്താണ് അത്തരമൊരു റിപ്പോർട്ട് നൽകിയത്. സീരിയലുകളിലെ സ്ത്രീൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് വനിതാ കമ്മീഷന് നിരവധി പരാതികൾ ലഭിച്ചതായും സതീദേവി പറഞ്ഞു.
മലയാള ടെലിവിഷൻ സീരിയൽക്കഥകൾ, എപ്പിസോഡുകൾ എന്നിവ സംപ്രേഷണം ചെയ്യുംമുൻപ് സെൻസർ ബോർഡിൻറെ പരിശോധന ആവശ്യമാണെന്ന വനിതാ കമ്മിഷൻ റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിലാണ് പി സതീദേവിയുടെ പ്രതികരണം. കുട്ടികളിലുൾപ്പടെ തെറ്റായ സന്ദേശങ്ങൾ സീരിയലുകളിൽ നിന്ന് വരുന്നുണ്ടെന്നും അവർ പറഞ്ഞു.
2017- 18 കാലയളവിൽ വനിതാ കമ്മിഷൻ സീരിയലുകളെ സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടായിരുന്നു. താൻ കമ്മിഷൻറെ അധ്യക്ഷയായി ചാർജ്ജെടുത്തത് 2021 ലായതിനാൽ ആ റിപ്പോർട്ട് പൂർണമായും കണ്ടിട്ടില്ല. റിപ്പോർട്ട് പരിശോധിച്ച ശേഷം മാത്രമേ കൂടുതൽ പ്രതികരിക്കാൻ സാധിക്കുകയുള്ളൂവെന്നും സതീദേവി പറഞ്ഞു.
Discussion about this post