കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജിൽ യുവതി മരിച്ച സംഭവത്തിൽ പരാതിയുമായി കുടുംബം. യുവതി മരിച്ചത് ചികിത്സാ പിഴവിനെത്തുടർന്നെന്നാണ് പരാതിയിൽ ഉന്നയിക്കുന്നത്. പേരാമ്പ്ര കൂത്താളി പൈതോത്ത് കേളൻ മുക്കിലെ കാപ്പുമ്മൽ ഗിരീഷിന്റെ ഭാര്യ രജനി (37) ആണ് മരിച്ചത്.
ഈ മാസം നാലിനാണ് സംഭവം. കാലുവേദനയെ തുടർന്നാണ് യുവതി ചികിത്സയ്ക്ക് എത്തിയത.് യുവതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പറഞ്ഞ് ഡോക്ടർമാർ മാനസിക വിഭാഗത്തിലെ ചികിത്സക്ക് വിധേയയാക്കുകയായിരുന്നു.
വാർഡിൽ രോഗിയെ പരിശോധിക്കാനെത്തിയ മറ്റൊരു ഡോക്ടർ ഇവരുടെ കേസ് ഷീറ്റ് പരിശോധിച്ചപ്പോഴാണ് യുവതിക്ക് മാരാകമായ രോഗമാണെന്ന് പറഞ്ഞത.് പിന്നീട് യുവതിയെ ഡോക്ടർ ന്യൂറോളജി വിഭാഗത്തിലേക്ക് റഫർ ചെയ്യുകയുമായിരുന്നു.
രോഗം മൂർച്ഛിച്ച യുവതിയെ അത്യാഹിത വിഭാഗത്തിലേക്കും പിന്നീട് വെന്റിലേറ്ററിലേക്കും മാറ്റി. ഞരമ്പുകളിൽ അമിതമായ ബാക്ടീരിയ ബാധ മൂലം ഉണ്ടാവുന്ന ജിബിഎസ് എന്ന രോഗമായിരുന്നു യുവതിക്കെന്നും ഇത് തിരിച്ചറിയാതെ മറ്റൊരു വിഭാഗത്തിൽ ചികിത്സ നൽകിയതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് ബന്ധുക്കളുടെ ആരോപണം. എട്ടാം തീയതി മുതൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞ യുവതി ഇന്നു പുലർച്ചെ 5 മണിയോടെയാണ് മരിച്ചത്.
Discussion about this post