തിരുവനന്തപുരം: ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം തടയാനുള്ള ആരോഗ്യ വകുപ്പിന്റെ ഇടപെടലുകളുടെ ഫലമായി ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തിൽ 20 മുതൽ 30 ശതമാനം വരെ കുറവ് ഉണ്ടായിട്ടുള്ളതായി വ്യക്തമാക്കി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അത്രയും ശതമാനം ആന്റിബയോട്ടിക്കുകൾ ജനങ്ങൾ ആവശ്യമില്ലാതെയാണ് കഴിച്ചിരുന്നത്. ഇത് നിർത്തലാക്കുവാർ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ സാധിച്ചു. മെഡിക്കൽ സ്റ്റോറുകൾ ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷൻ ഇല്ലാതെ ആന്റിബയോട്ടിക്കുകൾ വിൽക്കാതിരിക്കാൻ കർശന നടപടികൾ സ്വീകരിച്ചുവെന്നും മന്ത്രി പറഞ്ഞു.
അനാവശ്യമായി ആന്റി ബയോട്ടിക്കുകൾ കഴിക്കുന്നതിലൂടെ രോഗാണുക്കൾ ആന്റി ബയോട്ടിക്ക് പ്രതിരോധം രൂപപ്പെട്ടു വരുന്നതായി പഠനങ്ങൾ വ്യക്തമാക്കിയിരുന്നു. ഇതിനെ തുടർന്ന് പല രോഗങ്ങൾക്കെതിരെയും മരുന്നുകൾ ഫലിക്കാത്ത സാഹചര്യമാണ്. ഇതിനെ തുടർന്നാണ് ഇത്തരത്തിലൊരു നടപടിയുമായി സംസ്ഥാന ആരോഗ്യ വകുപ്പ് മുന്നോട്ട് പോയത്
എല്ലാ ആശുപത്രികളേയും ആന്റിബയോട്ടിക് സ്മാർട്ട് ആശുപത്രികളാക്കുമെന്ന് മന്ത്രി പറഞ്ഞു. ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അമിതവുമായ ഉപയോഗത്തിനെതിരെയുള്ള ബോധവത്ക്കരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വട്ടിയൂർക്കാവ് യുപിഎച്ച്സിയിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
Discussion about this post