എറണാകുളം : ഭരണഘടനാ വിരുദ്ധമായ പ്രസംഗത്തിൽ ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ രാജി വെക്കില്ലെന്ന് മന്ത്രി സജി ചെറിയാൻ. ഹൈക്കോടതി തന്റെ ഭാഗം കേട്ടില്ല. താൻ കുറ്റക്കാരനാണെന്ന് കോടതി പറഞ്ഞട്ടുമില്ല. ഹൈക്കോടതിയുടെത് അന്തിമ വിധിയല്ല എന്നും അദ്ദേഹം പറഞ്ഞു.
ഹൈക്കോടതിയുടെ മുകളിൽ കോടതിയുണ്ട്. തുടർനടപടികൾ സ്വീകരിക്കുമെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു. പോലീസ് ഈ കേസിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകി. ആദ്യം കോടതി ഒരു തീരുമാനം എടുത്തു . അതിന് മുകളിലുള്ള കോടതി അത് തെറ്റാണെന്ന് ഇപ്പോൾ പറയുന്നു. കൂടുതൽ അന്വേഷണം വേണം എന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. അതിൽ ഞാൻ കക്ഷിയാകുന്നില്ല. റിപ്പോർട്ടിനെയാണ് കോടതി പറഞ്ഞിരിക്കുന്നത്.
ഹൈക്കോടതി പോലീസ് റിപ്പോർട്ട് തള്ളുകയായിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്നും കോടതി ഉത്തരവിട്ടു. കൂടാതെ അന്വേഷണ ഉദ്യോഗസ്ഥൻ നൽകിയ അന്തിമ റിപ്പാർട്ട് റദ്ദാക്കുകയും ചെയ്തു. അന്വേഷണത്തിൽ പാളിച്ചകൾ ഉണ്ടായി. സിസിടിവി ദൃശ്യങ്ങളും ഓഡിയോ ക്ലിപ്പുകളും പരിശോധിച്ചില്ലെന്നും അന്വേഷണം ക്രൈം ബ്രാഞ്ച് നടത്തണമെന്നും കോടതി വ്യക്തമാക്കുകയായിരുന്നു. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അദ്ധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് വിധി പറഞ്ഞത്.
‘കുറച്ച് നല്ല കാര്യങ്ങൾ എന്ന പേരിൽ ജനാധിപത്യം, മതേതരത്വം, കുന്തം, കുടച്ചക്രം എന്നെല്ലാം എഴുതി വെച്ചു എന്നല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുകയാണ് ഇതിന്റെ ഉദ്ദേശം’ എന്നായിരുന്നു ഭരണഘടനയെ പറ്റിയുള്ള സജി ചെറിയാന്റെ വിവാദമായ പ്രസംഗ ഭാഗം. 2022 ജൂലൈ മൂന്നിനാണ് സംഭവം. പത്തനംതിട്ടയിലെ മല്ലപ്പള്ളിയിൽ സിപിഐഎം ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു സജി ചെറിയാന്റെ വിവാദ പ്രസംഗം.
Discussion about this post