തലശേരി: കതിരൂര്‍ മനോജ് വധക്കേസില്‍ പി.ജയരാജന്‍ സിബിഐയുടെ ചോദ്യം ചെയ്യലിനെ ഭയപ്പെടുന്നത് എന്തിനെന്ന് കോടതി. സിബിഐയുടെ കസ്റ്റഡി അപേക്ഷ പരിഗണിച്ചപ്പോഴാണ് തലശേരി സെഷന്‍സ് കോടതിയുടെ പരാമര്‍ശം.
അതേ സമയം തെളിവു ഹാജരാകാത്തതിന് സിബിഐയെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു. ഒട്ടേറെ തവണ കോടതിയില്‍ കേസ് വന്നിട്ടും തെളിവ് ഹാജരാക്കാന്‍ സിബിഐക്ക് കഴിഞ്ഞിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു.
തെളിവുകള്‍ ഹാജരാക്കാമെന്ന് സിബിഐ അറിയിച്ചു. ജയരാജന് ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും അസുഖമുണ്ടെന്ന് വരുത്തിത്തീര്‍ക്കുകയാണെന്നും സിബിഐ കോടതിയില്‍ പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളജിലെ വിദഗ്ധ സംഘത്തിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടും കോടതി പരിശോധിച്ചു.
പി. ജയരാജനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്യുന്നതിനു മുന്‍പായി ഏതെങ്കിലും വിദഗ്ധ ആശുപത്രിയില്‍ നിന്നുള്ള അഭിപ്രായം തേടണമെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് കോടതിയില്‍ സമര്‍പ്പിച്ചു.
തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, ബെംഗളുരു ജയദേവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, ഡല്‍ഹി ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സ് എന്നീ സ്ഥാപനങ്ങളില്‍ ഏതെങ്കിലുമൊന്നില്‍ നിന്നുള്ള അഭിപ്രായം കൂടി തേടിയശേഷമേ അന്തിമ തീരുമാനമെടുക്കാമെന്നാണു കോഴിക്കോട് മെഡിക്കല്‍ കോളജ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ബോര്‍ഡ് തയാറാക്കിയ മെഡിക്കല്‍ റിപ്പോര്‍ട്ട്. സിബിഐയുടെ കസ്റ്റഡി അപേക്ഷയില്‍ കോടതി തിങ്കളാഴ്ച വിധി പറയും.
Discussion about this post