മഹാരാഷ്ട്രയും ഝാർഖണ്ഡും ആര് ഭരിക്കുമെന്ന് അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. വോട്ടെണ്ണൽ രാവിലെ എട്ട് മണി മുതൽ ആരംഭിക്കും. എക്സിറ്റ് പോൾ ഫലങ്ങൾ മുഴുവൻ ബി ജെ പി യുടെ വിജയമാണ് പ്രവചിക്കുന്നത്. എങ്കിലും ഇൻഡി സഖ്യകക്ഷികൾ പ്രതീക്ഷ കൈവിട്ടിട്ടില്ല. ലോക് സഭാ തിരഞ്ഞെടുപ്പിലും ഹരിയാനയിലും എക്സിറ്റ് പോളുകൾ അമ്പേ പരാജയപ്പെട്ടതിന്റെ പ്രതീക്ഷയിലാണ് രണ്ട് സംസ്ഥാനങ്ങളിലും കോൺഗ്രസ് സഖ്യം.
ജാർഖണ്ഡിൽ നവംബർ 13, നവംബർ 20 തീയതികളിൽ രണ്ട് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടന്നത്, മഹാരാഷ്ട്രയിൽ 288 മണ്ഡലങ്ങളിലേക്കും ഒറ്റ ഘട്ടമായി നവംബർ 20 ന് വോട്ടെടുപ്പ് നടത്തി.
മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെയുടെ ശിവസേന വിഭാഗവും ശരദ് പവാറിൻ്റെ എൻസിപിയും കോൺഗ്രസും അടങ്ങുന്നതാണ് പ്രതിപക്ഷ ക്യാമ്പ്. 2022 ൽ നാടകീയമായ പുറത്താക്കലിന് ശേഷം സംസ്ഥാനത്ത് വീണ്ടും ഒരു തിരിച്ചു വരവിനൊരുങ്ങുകയാണ് മഹാ വികാസ് അഘാടി. അതെ സമയം ലോക് സഭയിലേറ്റ അപ്രതീക്ഷിത തിരിച്ചടിക്ക് നിയമസഭാ തിരഞ്ഞെടുപ്പിലൂടെ മറുപടി പറയുവാൻ ഒരുങ്ങുകയാണ് ബി ജെ പി ശിവസേന( ഷിൻഡെ പക്ഷം) എൻ സി പി ( അജിത് പവാർ പക്ഷം) എന്നിവർ അടങ്ങുന്ന മഹായുതി.
ജാർഖണ്ഡിൽ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയും ഹേമന്ത് സോറൻ്റെ ജെഎംഎമ്മും കോൺഗ്രസും അടങ്ങുന്ന ഇന്ത്യാ ബ്ലോക്കും തമ്മിലാണ് പോരാട്ടം നടക്കുന്നത്. എൻഡിഎയെ സംബന്ധിച്ചിടത്തോളം, 2019 ൽ സംസ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം അധികാരത്തിലേക്കുള്ള തിരിച്ചു വരവാണ് ലക്‌ഷ്യം വെക്കുന്നത്. അതേസമയം അതിൻ്റെ ശക്തികേന്ദ്രം നിലനിർത്താനുള്ള തീവ്രശ്രമത്തിലാണ് ഇൻഡി സഖ്യം.











Discussion about this post