ലഖ്‌നൗ : ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ കോൺഗ്രസ് സംഘടിപ്പിച്ച വിദ്യാർത്ഥി സംഗമത്തിൽ കേന്ദ്ര സർക്കാരിനെതിരെയെതിരെ കടുത്ത വിമർശനങ്ങളുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വിവിധ സംസ്ഥാനങ്ങളിലായി കോൺഗ്രസ് സംഘടിപ്പിക്കുന്ന ‘ഛാത്രോം കീ ഗൂഞ്ച്’ (വിദ്യാർത്ഥികളുടെ ശബ്ദം) എന്ന പ്രചാരണ പരിപാടിയുടെ ഭാഗമായി സംസാരിക്കവെയാണ് രാജ്യത്ത് തൊഴിലില്ലായ്മയും പരീക്ഷാ തട്ടിപ്പുകളുമാണ് നടക്കുന്നതെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തിയത്. ഇന്ത്യയിൽ ഇന്ന് ലഭിക്കുന്ന ഡിഗ്രി സർട്ടിഫിക്കറ്റുകൾ കൊണ്ട് യാതൊരു പ്രയോജനവുമില്ലാത്ത അവസ്ഥയാണെന്നും, ചെറുപ്പക്കാർക്ക് ജോലി നൽകേണ്ട വാതിലുകളെല്ലാം അടച്ചിട്ടിരിക്കുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തിയായി നിൽക്കുന്ന 40 കോടിയോളം വരുന്ന യുവജനതയ്ക്ക് അർഹമായ അവസരങ്ങൾ നൽകുന്നതിൽ നിലവിലെ ഭരണകൂടം പൂർണ്ണമായും പരാജയപ്പെട്ടുവെന്ന് രാഹുൽ കുറ്റപ്പെടുത്തി.
രാജ്യത്തെ യുവാക്കളുടെ വ്യക്തിവിവരങ്ങളും ഡാറ്റയും വൻകിട കോർപ്പറേറ്റ് കമ്പനികൾക്ക് കൈമാറുകയും, അതിനുശേഷം അവരോട് സോഷ്യൽ മീഡിയയിൽ റീലുകൾ നിർമ്മിച്ച് സമയം കളയാൻ നിർബന്ധിക്കുകയുമാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾക്ക് മാന്യമായ തൊഴിൽ നൽകുന്നതിന് പകരം ഗിഗ് തൊഴിലാളികളായും ഡെലിവറി ഏജന്റുമാരായും പണിയെടുക്കാൻ തള്ളിവിടുകയാണെന്നും രാഹുൽ അഭിപ്രായപ്പെട്ടു. പരീക്ഷാ തട്ടിപ്പുകളും വിജ്ഞാപനങ്ങളിലെ കാലതാമസവും മൂലം നിരാശരായ യുവാക്കളുടെ പ്രക്ഷോഭം വരും ദിവസങ്ങളിൽ കൂടുതൽ ശക്തിപ്പെടുത്തുമെന്നും, രാജ്യത്തെ വിദ്യാർത്ഥികളുടെയും യുവാക്കളുടെയും ശബ്ദം പാർലമെന്റിൽ ഉയർത്തുമെന്നും ഉറപ്പുനൽകിയാണ് രാഹുൽ ഗാന്ധി പ്രസംഗം അവസാനിപ്പിച്ചത്.









