ഒളിവിൽ കഴിയുന്ന ക്വട്ടേഷൻ കേസ് പ്രതി അർജുൻ ആയങ്കിയെ ‘തൂഫാൻ’ പോലെ പിടിച്ച് അകത്തിടണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജൻ പ്രസ്താവിച്ചതിന് പിന്നാലെ, ശക്തമായ പ്രതികരണവുമായി അർജുൻ ആയങ്കി. ജയരാജൻ തന്നെ ശത്രുവിനേക്കാൾ വലിയ ശത്രുവായാണ് കാണുന്നതെന്നും പാർട്ടിയുടെ യാതൊരു പിന്തുണയും തനിക്ക് ആവശ്യമില്ലെന്നും, എന്നാൽ പുറകിൽ നിന്ന് കുത്തരുതെന്നും ആയങ്കി ഫെയ്‌സ്‌ബുക്കിൽ കുറിച്ചു. തനിക്ക് അയിത്തം കൽപ്പിച്ച് പാർട്ടിയിൽ നിന്ന് തള്ളിപ്പറയുന്നതിന് മുൻപ് താനും ഈ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നുവെന്ന കാര്യം എം.വി. ജയരാജൻ ഓർക്കണമെന്ന് അർജുൻ ആയങ്കി തുറന്നടിച്ചു.
പാർട്ടി സഖാക്കൾക്കായി ജീവനും ജീവിതവും മറന്ന് പോരാടിയ ചരിത്രമാണ് തനിക്കുള്ളതെന്ന് അവകാശപ്പെട്ടാണ് അർജുൻ ആയങ്കി ജയരാജന്റെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തിയത്. അഞ്ച് കിലോമീറ്റർ അപ്പുറത്ത് ഒരു സഖാവിന് കുത്തേൽക്കുമ്പോൾ രക്തം തിളച്ച് തിരിച്ചടിച്ചതിന്റെ ഭാഗമായി ജയിലിൽ കിടന്നിട്ടുണ്ടെന്നും, പ്രസ്ഥാനത്തിന്റെ പ്രതിസന്ധികളിലെല്ലാം മുന്നിൽ നിന്ന് സംസാരിച്ചതിന്റെ പേരിലാണ് താൻ കള്ളക്കേസുകളിൽ പ്രതിയായതെന്നും ആയങ്കി അവകാശപ്പെടുന്നു. മറ്റുള്ളവർക്കെല്ലാം തെറ്റുകൾ തിരുത്താനും തിരികെ വരാനും അവസരം നൽകുന്ന പാർട്ടി, തന്നെ മാത്രം ശത്രുവിനേക്കാൾ ദ്രോഹിക്കേണ്ട കേവലം വെടിയുണ്ടയായി കാണുന്നത് ഖേദകരമാണെന്നും അർജുൻ ആയങ്കി പോസ്റ്റിൽ വ്യക്തമാക്കി.
അർജുൻ ആയങ്കിയുടെ സമൂഹമാധ്യമ പോസ്റ്റ്,
മറ്റെല്ലാവര്‍ക്കും തിരുത്താനും നവീകരിക്കാനും തിരിച്ചുവരാനുമുള്ള അവസരങ്ങളുണ്ട് അര്‍ജ്ജുന്‍ ആയങ്കി ശത്രുക്കളെക്കാള്‍ വലിയ ശത്രുവാണെന്ന പോലെ എന്നെ വെടിവെച്ച് കൊന്നാല്‍ സന്തോഷമേയുള്ളൂ അത് താനാഗ്രഹിക്കുന്നു എന്ന തരത്തിലുള്ള പ്രതികരണം നടത്തിയ എംവി ജയരാജന്‍ സഖാവിനോടാണ്, എനിക്ക് അയിത്തം കല്‍പ്പിക്കുന്നതിന് മുന്‍പ് തള്ളിപ്പറയുന്നതിന് മുന്‍പ് ഞാനീ പ്രസ്ഥാനത്തിലുണ്ടായിരുന്നു, അഞ്ച് കിലോമീറ്റര്‍ അപ്പുറത്തൊരു സഖാവിന് കുത്തേല്‍ക്കുമ്പോള്‍ രക്തം തിളച്ച് തിരിച്ചടിക്കാന്‍ വേണ്ടി സ്വന്തം ജീവനും ജീവിതവും മറന്ന് തിരിച്ചടിച്ചതിന്റെ ഭാഗമായി ജയിലില്‍ കിടന്നിട്ടുമുണ്ട്.!
ഈ പാര്‍ട്ടിയുടെ പ്രതിസന്ധികളിലെല്ലാം പേനയുന്തിയതിനും പ്രതികരിച്ചതിനും കൊണ്ടൊക്കെ കൂടിയാണ് ഞാന്‍ കള്ളക്കേസില്‍ ജയിലിലടക്കപ്പെട്ടത്.
മയ്യിലൊരു സഖാക്കളെ ആക്രമിച്ചിരുന്ന കോണ്‍ഗ്രസ് ക്രിമിനലിന് പൊലീസിന്റെ അടികിട്ടിയപ്പോള്‍ അയാളെ വീട്ടില്‍ പോയി കണ്ട് ആശ്വസിപ്പിച്ചതിന്റെ ഒരു ശതമാനം പോലും ഞാന്‍ ആഗ്രഹിക്കുന്നില്ല.., പക്ഷേ
പിന്തുണ വേണ്ട.. പിന്നില്‍ നിന്ന് കുത്തരുത്…









