നോക്കിയ ഫോണ്‍ നിര്‍മാതാക്കളായ ഫിന്നിഷ് ഹാന്‍ഡ്സെറ്റ് കമ്പനി എച്ച്എംഡി നിലവിലുള്ള തങ്ങളുടെ ചൈനയിലെ പ്രധാനപ്പെട്ട നിര്‍മാണ കേന്ദ്രം ഇന്ത്യയിലേക്ക് മാറ്റുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയെ എച്ച്എംഡിയുടെ ആഗോള ഉത്പാദന കേന്ദ്രമാക്കി മാറ്റാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് നീക്കം, കയറ്റുമതിക്കായി ഇന്ത്യയില്‍ ഫാക്ടറികള്‍ സ്ഥാപിക്കുന്നതിന് തങ്ങളുടെ ഇലക്ട്രോണിക്സ് ഘടകങ്ങളുടെ വിതരണക്കാരുമായി കമ്പനി ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.
നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കീഴിലുള്ള പുതിയ യുഎസ് സര്‍ക്കാര്‍ ചൈനയ്ക്ക് മേല്‍ കര്‍ശനമായ നികുതികള്‍ ചുമത്തിയാല്‍ കമ്പനിക്ക് നേട്ടമുണ്ടാകുമെന്ന് എച്ച്എംഡി കരുതുന്നു. ” പ്രവര്‍ത്തനത്തിന്റെ ഭൂരിഭാഗവും ഇന്ത്യയിലേക്ക് മാറ്റുകയാണ്. വിതരണശൃംഖലയും സ്രോതസ്സുകളും ലോജിസ്റ്റിക്സ് ഹബ്ബുകളും ഇതില്‍ ഉള്‍പ്പെടും. സാവധാനത്തില്‍ ഇന്ത്യയിലെ ചുവട് ഞങ്ങള്‍ ബലപ്പെടുത്തുകയാണ്, ”എച്ച്എംഡിയുടെ ഇന്ത്യയിലെ സിഇഒയും വൈസ് പ്രസിഡന്റുമായ രവി കുന്‍വാര്‍ പറഞ്ഞു. ”ഞങ്ങള്‍ ചൈനയില്‍ നിന്ന് കയറ്റുമതി ചെയ്യുന്നത് ് കുറയുകയും ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി അനുകൂലമായി വര്‍ധിക്കുകയും ചെയ്യും,” അദ്ദേഹം പറഞ്ഞു.
”കയറ്റുമതിയുടെ വീക്ഷണകോണില്‍ ചൈനയ്ക്ക് പകരം ഇന്ത്യയെ വളരെ ലാഭകരമായ ഒരു ബദലാക്കി മാറ്റാനുള്ള ഞങ്ങളുടെ തന്ത്രത്തിന്റെ ഭാഗമായാണ് ഇത്,” അദ്ദേഹം പറഞ്ഞു. എന്നാല്‍, എച്ച്എംഡിയുടെ മുഴുവന്‍ ഉത്പാദന പ്രവര്‍ത്തനങ്ങളും ചൈനയില്‍നിന്ന് മാറ്റുന്നതിന് കുറച്ച് സമയമെടുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അത് വളരെ സങ്കീര്‍ണമായ പ്രക്രിയയാണെന്നും അദ്ദേഹം പറഞ്ഞു.
എച്ച്എംഡി നോക്കിയ ഫീച്ചര്‍ ഫോണുകളും സ്മാര്‍ട്ട്ഫോണുകളും ഇന്ത്യയില്‍ നിന്ന് പശ്ചിമേഷ്യയിലേക്കും ആഫ്രിക്കയിലേക്കും കയറ്റുമതി ചെയ്യുന്നുണ്ട്. ”മാറി വരുന്ന ഭൂമിശാസ്ത്രപരമായ സാഹചര്യങ്ങളും വിതരണശൃംഖലയിലെ സുരക്ഷയും പരിഗണിക്കുമ്പോള്‍ യുഎസിലേക്കും യൂറോപ്പിലേക്കുമുള്ള കയറ്റുമതിയിലാണ് ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്,” അദ്ദേഹം പറഞ്ഞു.
Discussion about this post