ആലപ്പുഴ: ആലപ്പുഴയിൽ ഗുരുതര വൈകല്യങ്ങളുമായി പിറന്ന കുഞ്ഞിനെ വിദഗ്ധ സംഘം പരിശോധിക്കും. രാവിലെ 11 മണിക്ക് കുഞ്ഞിനെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ എത്തിക്കാനാണ് മാതാപിതാക്കള്‍ക്ക് നിർദ്ദേശം നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണത്തിനായി ആരോഗ്യവകുപ്പ് പ്രതിനിധികൾ ഇന്ന് തന്നെ ആലപ്പുഴയിലെത്തും. ആരോഗ്യവകുപ്പ് അഡീഷ്ണൽ ഡയറക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്.
അതേസമയം, സംഭവത്തിൽ സ്വകാര്യ ലാബുകൾക്കെതിരെയാണ് ഡിഎംഒ റിപ്പോർട്ട് നല്‍കിയിരിക്കുന്നത്. സ്വകാര്യ ലാബുകൾക്ക് വീഴ്ച ഉണ്ടായെന്നും ലാബ് റിപ്പോർട്ടുകൾ തെറ്റിദ്ധരിപ്പിക്കും വിധം ആയിരുന്നുവെന്നും ഡിഎംഒ നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
സംഭവത്തില്‍, ആലപ്പുഴ കടപ്പുറം സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ നാല് ഡോക്ടർമാർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഗൈനക്കോളജിസ്റ്റ്മാരായ ഡോ. ഷേർലി, പുഷ്പ എന്നിവർക്കും സ്വകാര്യ ലാബിലെ രണ്ട് ഡോക്ടർമാർക്കുമെതിരെയാണ് കേസെടുത്തത്.
ഗര്‍ഭകാലത്ത് പലതവണ സ്കാനിംഗ് നടത്തിയെങ്കിലും ഇതിലൊന്നും ഡോക്ടർമാർ കുഞ്ഞിന്റെ വൈകല്യം തിരിച്ചറിഞ്ഞില്ലെന്നാണ് കുഞ്ഞിന്റെ അമ്മയുടെ പരാതി.
കുഞ്ഞിന്റെ ചെവിയും കണ്ണും യഥാസ്ഥാനത്തല്ല ഉള്ളത്. വായ തുറക്കുന്നില്ല. മലർത്തികിടത്തിയാൽ കുഞ്ഞിന്റെ നാവ് ഉള്ളിലേക്ക് പോകും. കാലിനും കൈക്കും വളവുമുണ്ട്.
സംഭവത്തില്‍ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ ആരോഗ്യ വിഭാഗം ഡയറക്ടർ ഡിഎംഒയോട് റിപ്പോർട്ട് തേടുകയും ചെയ്തു. ആലപ്പുഴ കടപ്പുറം സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ സൂപ്രണ്ടിനോട് അടിയന്തരമായി റിപ്പോർട്ട് നൽകാനാണ് നിര്‍ദേശം.












