കണ്ണൂര്‍: ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ ഭരണകൂട പിന്തുണയോടെ ഇസ്ലാമിക മത തീവ്രവാദികള്‍ നടത്തുന്ന അതിക്രമം ഭാരതത്തിലെ ഹൈന്ദവ സമൂഹത്തിന് നല്‍കുന്നത് അപകടകരമായ സൂചനയെന്ന് . പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ . ഭാരതത്തിലും കേരളത്തിലും പ്രത്യേകിച്ച് ഉത്തര കേരളത്തില്‍ വലിയ അപകടങ്ങളാണ് ഹൈന്ദവ സമൂഹത്തെ കാത്തിരിക്കുന്നത്. ഇസ്ലാമിക തീവ്രവാദികള്‍ നടത്തുന്ന ആസൂത്രിത നീക്കങ്ങളെ കരുതിയിരിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും 1980 കള്‍ക്ക് മുമ്പ് കാശ്മീരിലെ പണ്ഡിറ്റുകള്‍ക്ക് തീവ്രവാദത്തിന്റെ നീക്കങ്ങളെ കുറിച്ച് ബോധ്യപ്പെട്ടില്ല. അവസാനം ഒരു കയ്യില്‍ തീയും മറുകയ്യില്‍ വാളുമായി ഒന്നുകില്‍ നാടുവിടുക അല്ലെങ്കില്‍ മതംമാറുകയെന്ന് ഇസ്ലാമിക ഭീകരവാദികള്‍ ആക്രോശിച്ചപ്പോള്‍ മാത്രമാണ് സത്യം ബോധ്യപ്പെട്ടത്. ഈ അവസ്ഥയിലാണ് ബംഗ്ലാദേശിലെ ഹൈന്ദവ വിശ്വാസികളും.
ഇതിനകം നൂറുകണക്കിന് ഹൈന്ദവ വിശ്വാസികള്‍ തീവ്രവാദികളുടെ അതിക്രൂരമായ അക്രമത്തിന് പാത്രമായി ബംഗ്ലാദേശില്‍ കൊല്ലപ്പെട്ടു കഴിഞ്ഞു. ഈ അവസ്ഥയിലേക്ക് ഭാരതവും മാറാതിരിക്കാന്‍ ഹിന്ദു ഉണര്‍ന്നിരിക്കണം. വിദേശ പാര്‍ലമെന്റിലടക്കം ബംഗ്ലാദേശിലെ ഹൈന്ദവ വേട്ടക്കെതിരെ പ്രതിഷേധിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ ഭാരതത്തിലെ പ്രതിപക്ഷം യാതൊരു തത്വദീക്ഷയുമില്ലാതെ വിദേശ രാജ്യത്ത് ഏതോ സ്വകാര്യ വ്യക്തിക്കെതിരെയെടുത്ത കേസിന്റെ പേരില്‍ സഭ സ്തംഭിപ്പിക്കുകയാണ്. ബംഗ്ലാദേശില്‍ നടക്കുന്ന ഇന്നത്തെ ഹൈന്ദവ വേട്ടയില്‍ നിന്നും ഭാരതത്തിലെ മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങളെന്ന് അവകാശപ്പെടുന്ന പ്രതിപക്ഷത്തിന് ഒഴിഞ്ഞു മാറാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
1946 ആഗസ്തില്‍ മുസ്ലീംലീഗ് രൂപം കൊണ്ടതിന് ശേഷം രാജ്യത്തുണ്ടായ ഹൈന്ദവ വേട്ടയുടെ തുടര്‍ച്ചയാണ് ഇപ്പോള്‍ ബംഗ്ലാദേശിലും നടക്കുന്നത്. അധികാരക്കൊതി മൂത്ത അന്നത്തെ രാഷ്ട്രീയ നേതൃത്വവും എല്ലാകാലത്തും വിഭജിച്ച് ഭരിക്കാമെന്ന് വിശ്വസിച്ച ബ്രിട്ടീഷ് ഭരണകൂടവും ഇതിന് എല്ലാ പിന്തുണയും നല്‍കിയ ഇടത്പക്ഷവും ചേര്‍ന്ന് നടത്തിയ ഹൈന്ദവ വേട്ടയുടെ തുടര്‍ച്ചയാണ് ബംഗ്ലാദേശീലേത്. ഭാരത്തിനെതിരെ നിലകൊളളുന്ന ബംഗ്ലാദേശിലേതും മറ്റും രാജ്യങ്ങളിലേയും നേതാക്കളുമായി വിദേശ രാജ്യങ്ങളില്‍ ചെന്ന് അടച്ചിട്ട മുറിയില്‍ ചര്‍ച്ച ചെയ്യുന്ന പ്രതിപക്ഷ നേതാവാണ് നമുക്കുളളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 28 ശതമാനം ഹൈന്ദവ വിശ്വാസികളുണ്ടായിരുന്ന ബംഗ്ലാദേശില്‍ ഇന്ന് 8 ശതമാനമായി ഇവര്‍ മാറിയെങ്കില്‍ അത് ഇസ്ലാമിക ഭീകരവാദികള്‍ നടത്തിയ വംശഹത്യയുടെ ഫലമാണ്. ഇതിനകം 3000 ത്തോളം കൊടിയ സംഭവങ്ങള്‍ ഹിന്ദുക്കള്‍ക്കെതിരെ നടന്നു കഴിഞ്ഞു.
അന്നത്തെ ബംഗ്ലാദേശിലെ സാഹചര്യം ഭാരതത്തിന് അനുകൂലമാക്കി തീര്‍ക്കാന്‍ പറ്റുമായിരുന്നുവെങ്കിലും പ്രദേശം ഭീകരവാദികള്‍ക്ക് തീറെഴുതി കൊടുക്കുകയായിരുന്നു അന്നത്തെ ഭാരത ഭരണകൂടം. അതിന്റെ തിക്തഫലമാണ് ഇന്ന് അവിടുത്തെ ഹൈന്ദവ വിശ്വാസികളടക്കമുളള ന്യൂനപക്ഷം അനുഭവിക്കുന്നത്. കാലങ്ങളായി ബംഗ്ലാദേശിനെ മതരാഷ്ട്രമാക്കി മാറ്റാനുളള തയ്യാറെടുപ്പുകള്‍ നടക്കുകയാണ്. അതിനുളള ഇക്കോ സിസ്റ്റം എന്‍ജിഒകളെ ഉപയോഗിച്ച് തയ്യാറാക്കിയെടുത്തിരുന്നു. എന്‍ഇഡി, സാപ്പ് എന്നീ സംഘടനകള്‍ ഇത് നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. വിദ്യാര്‍ത്ഥികളില്‍ അരാജകത്വം വളര്‍ത്തിയും സോഷ്യല്‍ മീഡിയകള്‍ വഴിയും പ്രക്ഷോഭങ്ങള്‍ നടത്തിയും ഇത് യാഥാര്‍ത്ഥ്യമാക്കുകയായിരുന്നു. അതിന്റെ ഫലമാണ് ഇപ്പോഴത്തെ അതിക്രമങ്ങള്‍. ഇത്തരം പദ്ധതികള്‍ തീവ്രവാദികള്‍ ഭാരതത്തിലും നടത്തി വരുന്നുണ്ടെന്നും മുന്‍ കരുതലെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിലെ എല്ലാ വിഭാഗങ്ങളേയും ഉള്‍ക്കൊളളുന്ന മഹത്തായ ദര്‍ശനമാണ് ഭാരതത്തിന്റേത്. ബംഗ്ലാദേശിലെ അതിക്രമങ്ങള്‍ ഇല്ലാതാക്കാന്‍ അടിയന്തിരമായി സമാധാന സേനയെ അയക്കാന്‍ ലോക രാഷ്ട്രത്തലവന്മാര്‍ തയ്യാറാവണം. ഒപ്പം ഭാരത ഭരണകൂടവും അടിയന്തിര ഇടപെടല്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Discussion about this post