മോസ്‌കോ/ന്യൂഡൽഹി: നിക്ഷേപം ലാഭകരമായതിനാൽ ഇന്ത്യയിൽ ഉൽപ്പാദന കേന്ദ്രങ്ങൾ സ്ഥാപിക്കാൻ റഷ്യൻ കമ്പനികൾ തയ്യാറാണെന്ന് റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ. ‘മെയ്ക്ക് ഇൻ ഇന്ത്യ’ സംരംഭത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിൻ്റെ നയങ്ങളെയും പ്രശംസിച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ഉൽപ്പാദനം വർധിപ്പിക്കുന്നതിനും വിദേശ നിക്ഷേപം ആകർഷിക്കുന്നതിനും ലക്ഷ്യമിട്ടുള്ള മേക്ക് ഇൻ ഇന്ത്യ സംരംഭം ആഗോള സമ്പദ്‌വ്യവസ്ഥയിൽ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. മോസ്‌കോയിൽ നടന്ന 15-ാമത് വിടിബി ഇൻവെസ്റ്റ്‌മെൻ്റ് ഫോറത്തിൽ ആണ് പുടിൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് ഇന്ത്യ സുസ്ഥിരമായ സാഹചര്യങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യയിലെ നിക്ഷേപം ലാഭകരമായതിനാൽ ഇന്ത്യയിൽ ഉൽപ്പാദന പ്രവർത്തനങ്ങൾ സ്ഥാപിക്കാനുള്ള റഷ്യയുടെ താത്പര്യം അറിയിക്കുകയാണ്. ഇന്ത്യയിലെ നിക്ഷേപം ലാഭകരമാണെന്ന് ഞങ്ങൾ പൂർണ്ണമായും വിശ്വസിക്കുന്നു. ഇന്ത്യൻ സർക്കാരും, പ്രത്യേകിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇതിനായി സുസ്ഥിരമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നു ,പുടിൻ പറഞ്ഞു.
” നിർമ്മാണ കേന്ദ്രങ്ങൾ ഇന്ത്യയിൽ സ്ഥാപിക്കാൻ ഞങ്ങൾ തയ്യാറാണ്. റഷ്യൻ ഫെഡറേഷനിലെ ഏറ്റവും വലിയ എണ്ണ ഉൽപ്പാദക കമ്പനിയാണ് റോസ്നെഫ്റ്റ്. റോസ്‌നെഫ്റ്റ് 20 ബില്യൺ ഡോളറിൻ്റെ നിക്ഷേപം ഇന്ത്യയിൽ നടത്തിയത് വളരെ അടുത്ത കാലത്തായിരുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.
റഷ്യയുടെ ഇറക്കുമതി സബ്‌സ്റ്റിറ്റ്യൂഷൻ പരിപാടി ഇന്ത്യയുടെ ‘മേക്ക് ഇൻ ഇന്ത്യ’ സംരംഭത്തിന് സമാനമാണെന്നും ഇന്ത്യയുടെ നേതൃത്വം അതിൻ്റെ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകുന്ന നയത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും അദ്ദേഹം സൂചിപ്പിച്ചു.
അടുത്ത വർഷം ബ്രസീലിൽ നടക്കാനിരിക്കുന്ന ഉച്ചകോടിയിൽ സഹകരണത്തിനുള്ള പ്രധാന മേഖലകൾ തിരിച്ചറിയാൻ അംഗരാജ്യങ്ങളോട് അദ്ദേഹം ആഹ്വാനം ചെയ്തു. SME-കളുടെ വളർച്ചയെ പിന്തുണയ്ക്കാൻ ബ്രിക്‌സ് രാജ്യങ്ങൾക്കിടയിൽ കൂടുതൽ സഹകരണം വേണമെന്നും പ്രസിഡൻ്റ് അഭ്യർത്ഥിച്ചു.
വ്യാവസായിക രംഗത്തെ ഉൽപ്പാദനം, രൂപകൽപന, നൂതനാശയങ്ങൾ എന്നിവയുടെ കേന്ദ്രമായി ഇന്ത്യയെ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് മേക്ക് ഇൻ ഇന്ത്യ പദ്ധതി ആരംഭിച്ചത്. നിക്ഷേപം സുഗമമാക്കുന്നതിനും നവീകരണം പ്രോത്സാഹിപ്പിക്കുന്നതിനും ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നതിനും 2014 സെപ്തംബർ 25 നാണ് ‘മേക്ക് ഇൻ ഇന്ത്യ’ സംരംഭം ആരംഭിച്ചത്.
Discussion about this post