ബീജിംഗ്: ഒക്ടോബറിൽ റഷ്യയിൽ ബ്രിക്സ് സമ്മേളനത്തിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡൻ്റ് ഷി ജിൻപിംഗും തമ്മിൽ കൂടിക്കാഴ്ച നടന്നിരുന്നു. ഈ “വിജയകരമായ” കൂടിക്കാഴ്ച ഇന്ത്യ-ചൈന ബന്ധത്തിൻ്റെ ഒരു പുതിയ തുടക്കത്തിന് കാരണമായെന്ന് വ്യക്തമാക്കി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ മുതിർന്ന മന്ത്രി
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അന്താരാഷ്ട്ര കാര്യ വിഭാഗ മന്ത്രി ലിയു ജിയാൻചാവോ യാണ് ഇരു രാജ്യങ്ങളുടെയും ഇടയിൽ നടന്ന നിർണ്ണായകമായ മാറ്റത്തെ കുറിച്ച് വെളിപ്പെടുത്തിയത്. ചൈനയിലെ ഇന്ത്യൻ പ്രതിനിധി പ്രദീപ് കുമാർ റാവത്തുമായി സംസാരിക്കുകയായിരുന്നു ലിയു ജിയാൻചാവോ.
ചൈന-ഇന്ത്യ ബന്ധം പുനരാരംഭിക്കുന്നത് ഇരു രാജ്യങ്ങളിലെയും 2.8 ബില്യൺ ജനങ്ങളുടെ അടിസ്ഥാന താൽപ്പര്യങ്ങൾ നിറവേറ്റും. ഇത് കൂടാതെ ഇരു രാജ്യങ്ങളും ഒരുമിച്ചു ചേരുമ്പോഴാണ് ചരിത്രം അതിന്റെ ശരിയായ ദിശയിലേക്ക് ഒഴുകാൻ പോകുന്നത്. മന്ത്രി പറഞ്ഞു.
ഒക്‌ടോബർ 24ന് കസാനിൽ വച്ചാണ് മോദിയും ഷിയും കൂടിക്കാഴ്ച നടത്തിയത്. ഇതിനെ തുടർന്ന് കിഴക്കൻ ലഡാക്കിൽ നാലുവർഷമായി തുടരുന്ന സൈനിക സംഘർഷം അവസാനിപ്പിക്കാൻ ഇരുരാജ്യങ്ങളും തീരുമാനമെടുത്തിരുന്നു.
ഇതിനു ശേഷം ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പാർട്ടികളുമായും സൗഹൃദ വിനിമയം ശക്തിപ്പെടുത്താനും ചൈന ആഗ്രഹിക്കുന്നുവെന്ന് ലിയു പറഞ്ഞു. മാത്രമല്ല ഇരു രാജ്യങ്ങളിലെയും നേതാക്കൾ എത്തിച്ചേർന്ന സുപ്രധാന സമവായം സംയുക്തമായി നടപ്പാക്കാനും ഉഭയകക്ഷി ബന്ധത്തിൻ്റെ സുസ്ഥിരവും ആരോഗ്യകരവുമായ വികസന പാതയിലേക്ക് വീണ്ടും തിരിച്ചു വരാനും ചൈന തയ്യാറാണെന്ന് ലിയു പറഞ്ഞു.
Discussion about this post