മുംബൈ: വർഷങ്ങൾ പഴക്കമുള്ള ദുർഗാതി കോട്ടയുടെ അവകാശം മഹാരാഷ്ട്ര സർക്കാരിനാണെന്ന് വ്യക്തമാക്കി കോടതി. കല്യാൺ സിവിൽ കോടതിയാണ് ചരിത്രപ്രധാനമായ വിധി പ്രസ്താവിച്ചത്. ഇതോടെ 48 വർഷം നീണ്ട നിയമ പോരാട്ടത്തിനും പര്യവസാനമായി.
സീനിയർ ഡിവിഷൻ സിവിൽ ജഡ്ജ് എ എസ് ലഞ്ചേശ്വർ ആണ് മജ്‌ലിസ് ഇ മുഷ്‌വറാത്ത് ട്രസ്റ്റിന്റെ ഹർജി തള്ളി നിർണായക വിധി പ്രസ്താവിച്ചത്. ഇതോടെ കേസിൽ ഹൈക്കോടതിയെ സമീപിക്കാനാണ് ട്രസ്റ്റിന്റെ നീക്കം. ദുർഗാതി കോട്ട സ്ഥിതിചെയ്തിരുന്ന സ്ഥലം മസ്ജിദ് ആണെന്ന അവകാശവാദം ഉന്നയിച്ചാണ് ട്രസ്റ്റ് സ്ഥലം സ്വന്തമാക്കാൻ ശ്രമം നടത്തുന്നത്.
1966 മുതലാണ് പ്രദേശത്തെ ചൊല്ലിയുള്ള തർക്കം ആരംഭിക്കുന്നത് എന്ന് സർക്കാർ പ്രതിനിധി സച്ചിൻ കുൽക്കർണി പറഞ്ഞു. പ്രദേശത്ത് ദുർഗാക്ഷേത്രം ആണെന്ന് അന്നത്തെ താനെ കളക്ടർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മുസ്ലീം വിഭാഗം രംഗത്ത് എത്തുകയായിരുന്നു. പ്രദേശം മസ്ജിദിന്റേതാണെന്നായിരുന്നു ഇവരുടെ വാദം. അന്ന് മുതൽ ഈ പ്രദേശം തർക്ക മേഖലയായി നിലനിൽക്കുകയായിരുന്നു. 1994 ൽ കോട്ടയുടെ അറ്റകുറ്റപ്പണികൾ നടത്താൻ തീരുമാനിച്ചു. ഇതോടെ സംഭവം കോടതിയിൽ എത്തുകയായിരുന്നുവെന്നും കുൽക്കർണി കൂട്ടിച്ചേർത്തു. വിധിയുടെ പശ്ചാത്തലത്തിൽ പ്രദേശത്ത് കർശന സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം വധിയെ സ്വാഗതം ചെയ്യുന്നതായി ഹിന്ദുസംഘടനകൾ പ്രതികരിച്ചു.










