ന്യൂഡൽഹി: ആധാർ വിശദാംശങ്ങൾ സൗജന്യമായി പുതുക്കാനുള്ള തീയതി വീണ്ടും നീട്ടി സർക്കാർ. അടുത്തവർഷം ജൂൺ 14 വരെയാണ് കാലാവധി നീട്ടിയത്. myAadhaar പോർട്ടൽ വഴി മാത്രമായിരിക്കും സൗജന്യ സേവനം ലഭിക്കുക. പത്തുവർഷത്തിനുമുമ്പ് ആധാർ ലഭിച്ചവരും അതിൽ അപ്ഡേറ്റുകളൊന്നും വരുത്താത്തവരുമാണ് ഈ സേവനം പ്രയോജനപ്പെടുത്തേണ്ടത്. ഉപയോക്താവിന്റെ വ്യക്തിഗത വിവരങ്ങളായ പേര്, വിലാസം, ജനനതീയതി, മൊബൈൽ നമ്പർ, ഇമെയിൽ അഡ്രസ് തുടങ്ങിയവ മാറ്റാൻ സാധിക്കും.
ആധാർ കാർഡ് ഓൺലൈനിലൂടെ എങ്ങനെ സൗജന്യമായി പുതുക്കാം
1.യുഐഡിഎഐ വെബ്സൈറ്റായ https://uidai.gov.in/ സന്ദർശിക്കുക.
2. ഉപയോക്താവിന്റെ ആധാർ നമ്പർ, ക്യാപ്ച്ചാ തുടങ്ങിയവ നൽകുക. ശേഷം മൊബൈൽ നമ്പറുമായി ബന്ധപ്പെട്ട് ‘സെന്റ് ഒടിപി’ എന്നതിൽ ക്ലിക്ക് ചെയ്യുക.
3. അടുത്തതായി ‘അപ്ഡേറ്റ് ഡെമോഗ്രഫിക്‌സ് ഡാറ്റ’ എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് മാറ്റം വരുത്തേണ്ടവ അപ്‌ഡേറ്റ് ചെയ്യുക.
4. തുടർന്ന് ‘പ്രൊസീഡ്’ എന്നതിൽ ക്ലിക്ക് ചെയ്യുക. ശേഷം ആവശ്യമായ രേഖകൾ അപ്ലോഡ് ചെയ്തു നൽകുക.
5. അവസാനമായി ‘സബ്മിറ്റ്’ എന്നതിൽ ക്ലിക്ക് ചെയ്യുന്നതിന് മുൻപ് നൽകിയ വിവരങ്ങൾ ഒരിക്കൽക്കൂടി വെരിഫൈ ചെയ്യുക.
6. ഒടുവിൽ ‘അപ്ഡേറ്റ് റിക്വസ്റ്റ് നമ്പർ’ നൽകി, വരുത്തിയ മാറ്റങ്ങളുടെ സ്റ്റാറ്റസ് പരിശോധിക്കാനും സാധിക്കും.
ബയോമെട്രിക് വിവരങ്ങൾ ഓൺലൈനിലൂടെ സൗജന്യമായി പുതുക്കാൻ സാധിക്കില്ല. ഇതിനായി ആധാർ എൻറോൾമെന്റ് കേന്ദ്രങ്ങളെതന്നെ സമീപിക്കേണ്ടതുണ്ട്.
Leave a Comment