കോഴിക്കോട്: കൊയിലാണ്ടി അരീക്കോട് എസ് ഒ ജി ക്യാമ്പിലെ കമാൻഡോ ഹവിൽദാർ വിനീത് ആത്മഹത്യ ചെയ്ത സംഭവത്തില്‍ എസ് ഒ ജി കമാൻഡോകൾ അന്വേഷണ സംഘത്തിന് മുന്നിൽ മൊഴി നൽകി. ഉദ്യോഗസ്ഥരുടെ പീഡനമാണ് വിനീത് ആത്മഹത്യ ചെയ്യാന്‍ കാരണമെന്ന് ആണ് സഹപ്രവർത്തകരുടെ മൊഴി. കൊണ്ടോട്ടി ഡിവൈഎസ്പി സേതുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അരീക്കോട് ക്യാമ്പിലെത്തി മൊഴി രേഖപ്പെടുത്തിയത്.
അസിസ്റ്റൻറ് കമാൻഡൻൻ്റ് അജിത്തിന് വിനീതിനോട് വ്യക്തിവൈരാഗ്യമുണ്ടായിരുന്നു എന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. 2021 ലെ ട്രെയിനിങ്ങിനിടെ വയനാട് സ്വദേശിയായ സുനീഷിൻറെ മരണത്തിലെ വീഴ്ച്ച ചോദ്യം ചെയ്തതാണ് വ്യക്തിവൈരാഗ്യത്തിന് കാരണം. കുഴഞ്ഞുവീണ സുനീഷിനെ ആശുപത്രിയിലെത്തിക്കാൻ വൈകി. സഹപ്രവർത്തകർ സുനീഷിനെ സഹായിക്കാൻ ശ്രമിച്ചെങ്കിലും ഉന്നത ഉദ്യോഗസ്ഥർ അതിന് സമ്മതിച്ചിരുന്നില്ല. ഇതെല്ലാം വിനീതടക്കമുള്ള കമാൻഡോകൾ ചോദ്യം ചെയ്തിരുന്നു. ഇതാണ് വൈരാഗ്യം ഉണ്ടാവാന്‍ കാരണമെന്നും ആണ് മൊഴി.
കഴിഞ്ഞ ദിവസമായിരുന്നു ക്യാമ്പിലെ ശുചിമുറിയിൽ വിനീതിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വയം വെടിയുതിർത്തതാണെന്നാണ് നിഗമനം. ക്യാമ്പിലെ ജോലി സമ്മർദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. അസിസ്റ്റൻറ് കമാൻഡൻ്റ് അജിത്തിൻ്റെ പേരെടുത്ത് പറഞ്ഞായിരുന്നു അവസാന സന്ദേശം .
Discussion about this post