തിരുവനന്തപുരം : കോൺഗ്രസ് തെരഞ്ഞെടുപ്പിലടക്കം ഇസ്ലാമിക തീവ്രവാദികളെ കൂട്ടുപിടിക്കുന്നുവെന്ന് ഫേസ് ബുക്ക് പോസ്റ്റിൽ ആവർത്തിച്ച് എ. വിജയരാഘവൻ. കൂടാതെ അധികാരം കിട്ടാൻ ഏത് വർഗീയതയുമായും കോൺഗ്രസ് സന്ധി ചെയ്യുമെന്നും വിജയരാഘവൻ ആരോപിച്ചു. പാലക്കാട് യുഡിഎഫ് വിജയാഘോഷം തുടങ്ങിയത് എസ് ഡി പിഐ പ്രകടനത്തോടെയാണ്. ഗൌരവകരമായ വിഷയമാണ് ഞാനുയർത്തിയതെന്നും എത്ര വായടപ്പിക്കാൻ ശ്രമിച്ചാലും കോൺഗ്രസിന്റെ വർഗീയ പ്രീണനം തുറന്ന് കാണിക്കുമെന്നും വിജയരാഘവൻ തുറന്നടിച്ചു.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വ്യത്യസ്തങ്ങളായ വർഗീയ ധ്രുവീകരണങ്ങളുണ്ടാക്കി എങ്ങനെ വോട്ടുകൾ നേടാം എന്നാണ് യു ഡി എഫ് ശ്രമിച്ചത്. കോൺഗ്രസ്സ് കേരളത്തിൽ എല്ലാ വർഗീയതയോടും സന്ധിചെയ്ത് പ്രവർത്തിച്ചു. ഇപ്പോൾ വിവിധ വർഗീയതകൾ കേരളത്തിലെ ഓരോ കുടുംബത്തെയും വർഗീയവൽക്കരിച്ച് ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണ്. വിജയരാഘവൻ പറഞ്ഞു .
ഭൂരിപക്ഷ വർഗീയതയെ ശക്തിയായി എതിർക്കും, അതിനർത്ഥം ന്യൂനപക്ഷ വർഗീയതയെ വിമർശിക്കാൻ പാടില്ല എന്നല്ല. ആ വിമർശനത്തെ അസഹിഷ്ണുതയോടെ കാണുന്നവരോട് നമുക്ക് സഹതപിക്കാനേ സാധിക്കൂ. വർഗീയതയിൽ തമ്പടിച്ച കോൺഗ്രസിന് ഇത് ഒരിക്കലും പറ്റില്ല. ഇടതുപക്ഷത്തെ തോൽപ്പിക്കാനുള്ള വഴിയായാണ് വർഗീയതയെ അവർ കാണുന്നത്. രാഹുൽഗാന്ധിയും പ്രിയങ്കയും വയനാട്ടിൽ വിജയിച്ചത് കോൺഗ്രസും ലീഗും ജമാ-അത്തെ ഇസ്ലാമിയും എസ്‌ഡിപിഐയും ഉൾപ്പെടുന്ന ചേരിയുടെ പിന്തുണയിലാണ്. വിജയരാഘവൻ ആവർത്തിച്ചു.
Discussion about this post