കോഴിക്കോട്: എംടി വാസുദേവൻ നായരുടെ വേർപാടിൽ അദ്ദേഹത്തിനെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മലയാളത്തിൽ ഏറ്റവും അധികം ബഹുമാനിക്കുന്ന വ്യക്തിത്വമാണ് എംടിയെന്നും മാനുഷിക വികാരങ്ങളെ ആഴത്തിൽ രേഖപ്പെടുത്തിയ ആളാണെന്നും എംടി കുറിച്ചു. സാഹിത്യത്തിലും ചലച്ചിത്ര മേഖലയിലും ആദരണീയ വ്യക്തിത്വമായിരുന്നു എംടി. പാർശ്വവത്കരിക്കപ്പെട്ടവരുടെയും നിശബ്ദരാക്കപ്പെട്ടവരുടെയും ശബ്ദമായി മാറിയ എഴുത്തുകാരനായിരുന്നു എംടിയെന്നും പ്രധാനമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു. എംടിയുടെ കൃതികൾ,തലമുറകളെ രൂപപ്പെടുത്തുകയും ഇനിയും പ്രചോദിപ്പിക്കുകയും ചെയ്യുമെന്നും തന്റെ മനസ് കുടുംബത്തോടൊപ്പമാണെന്നും മോദി എക്‌സിൽ കുറിച്ചു.
മലയാളത്തിന്റെ അക്ഷരസുകൃതം എംടി വാസുദേവൻ നായർ വിടവാങ്ങിയിരിക്കുകയാണ്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. 91 വയസായിരുന്നു. മലയാള സാഹിത്യത്തിലും ചലച്ചിത്രരംഗത്തും വ്യക്തിമുദ്രപതിപ്പിച്ചയാളായ എംടി,അദ്ധ്യാപകൻ പത്രാധിപൻ,തിരക്കഥാകൃത്ത് എന്നീ നിലകളിലും ശ്രദ്ധേയനായി. തൊട്ട് അയൽപ്പക്കത്തും നാട്ടിലും വീട്ടിലും കണ്ട് പരിചയിച്ച കഥാപാത്രങ്ങളാണ് എംടിയുടെ തൂലികയിലൂടെ പിറന്നുവീണത്. ജീവിതത്തിലെ ഉൾക്കാഴ്ചകളിലേക്കും നാട്ടിൻപുറത്തെ നന്മകളിലേക്കും അദ്ദേഹം തന്റെ കഥകളെ കൊണ്ടെത്തിച്ചു. ബാല്യവും യൗവനവും വാർദ്ധക്യവും വരികളിൽ നിറഞ്ഞുനിന്നു. സ്നേഹം,സങ്കടം,ദേഷ്യം,വെറുപ്പ്,വിങ്ങൽ,പ്രണയം… അങ്ങനെ മനുഷ്യജീവിതത്തിലെ വികാരവിക്ഷോഭങ്ങളെല്ലാം എംടിയുടെ കഥയുടെ പ്രമേയയങ്ങളായി. പ്രായം 90 കളിലെത്തിയിട്ടും അദ്ദേഹം തന്റെ പേന ചലിപ്പിച്ചുകൊണ്ടെയിരുന്നു.
Discussion about this post