മെറ്റയുടെ അമിതമായ സെൻസർഷിപ്പും കമ്മ്യൂണിറ്റി സ്റ്റാൻഡേർഡ്സ് പരിശോധനകളും വിപരീത ഫലം സൃഷ്ടിച്ചതായി മാർക്ക് സക്കർബർഗ്. ഡൊണാൾഡ് ട്രംപ് വീണ്ടും അധികാരത്തിൽ എത്തുന്നതിനു മുൻപായാണ് മെറ്റ സുപ്രധാനമായ നടപടിയിലേക്ക് നീങ്ങുന്നത്. അമിതമായ നിയന്ത്രണങ്ങളും വസ്തുത-പരിശോധകരെയും ഒഴിവാക്കുന്നതായും മാർക്ക് സക്കർബർഗ് വ്യക്തമാക്കിയിട്ടുണ്ട്.
“തെറ്റുകൾ മാത്രമുള്ള ഒരു ഘട്ടത്തിലേക്ക് ഇപ്പോൾ മെറ്റ എത്തിയിരിക്കുന്നു. സ്വതന്ത്രമായ അഭിപ്രായപ്രകടനത്തെ ചുറ്റിപ്പറ്റിയുള്ള നമ്മുടെ വേരുകളിലേക്ക് മടങ്ങേണ്ട സമയമാണിത്” എന്നും സക്കർബർഗ് വ്യക്തമാക്കി. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ത്രെഡ്സ് എന്നിവയിലെ തങ്ങളുടെ മൂന്നാം കക്ഷി വസ്തുതാ പരിശോധന പരിപാടികൾ അവസാനിപ്പിക്കുമെന്നാണ് മെറ്റ സിഇഒ അറിയിച്ചിട്ടുള്ളത്.
യുഎസിൽ ട്രംപ് സർക്കാർ വീണ്ടും അധികാരത്തിൽ എത്തുന്നതിന് മുന്നോടിയായി റിപ്പബ്ലിക്കൻ പോളിസി എക്സിക്യൂട്ടീവ് ജോയൽ കപ്ലനെ ആഗോള കാര്യങ്ങളുടെ തലവനായി മെറ്റ നിയമിച്ചിട്ടുണ്ട്. അൾട്ടിമേറ്റ് ഫൈറ്റിംഗ് ചാമ്പ്യൻഷിപ്പിൻ്റെ സിഇഒയും നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ അടുത്ത സുഹൃത്തുമായ ഡാന വൈറ്റിനെ മെറ്റ ബോർഡിലേക്ക് തിരഞ്ഞെടുക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് അമിതമായ നിയന്ത്രണങ്ങൾ നീക്കം ചെയ്യുമെന്ന് മെറ്റ വ്യക്തമാക്കിയിട്ടുള്ളത്.
കമ്പനിയുടെ പ്ലാറ്റ്‌ഫോമുകളിൽ കൂടുതൽ വിഷയങ്ങൾ തുറന്ന് ചർച്ച ചെയ്യാൻ അനുവദിക്കുന്നതിനാണ് തീരുമാനമെന്ന് മെറ്റയുടെ പുതുതായി നിയമിതനായ ചീഫ് ഗ്ലോബൽ അഫയേഴ്‌സ് ഓഫീസർ ജോയൽ കപ്ലാൻ വിശദമാക്കി. നയങ്ങൾ ലഘൂകരിക്കുന്നതിലൂടെ മെറ്റ പ്ലാറ്റ്‌ഫോമുകളിൽ സ്വതന്ത്രമായ ആവിഷ്‌ക്കാരം പുനഃസ്ഥാപിക്കുവാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post