തിരുവനന്തപുരം: കേരളത്തെ ഈ വർഷം അതിദാരിദ്ര്യ മുക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനായുള്ള പ്രവർത്തനങ്ങളും പദ്ധതികളും എല്ലാ ജില്ലകളിലും കാര്യക്ഷമമായി നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തൈക്കാട് അതിഥി മന്ദിരത്തിൽ രണ്ട് ദിവസമായി നടക്കുന്ന ജില്ലാ കളക്ടർമാരുടെയും വകുപ്പ് മേധാവികളുടെയും സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ വർഷം നവംബറോടെ കേരളം അതിദാരിദ്ര്യ കുടുംബങ്ങൾ ഇല്ലാത്ത സംസ്ഥാനമായി മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി സമഗ്രവും, ശാസ്ത്രീയവും പ്രായോഗികവുമായ പരിപാടികൾ നടപ്പാക്കി വരികയാണെന്നും ഈ പരിപാടികൾ ഉർജിതമാക്കണെമന്നും അദ്ദേഹം പറഞ്ഞു.
വീട് നിർമ്മിക്കുന്നതിന് സ്ഥലം കണ്ടെത്തുന്ന പദ്ധതിയായ മനസോടിത്തിരി മണ്ണ് പദ്ധതി എല്ലാ ജില്ലകളിൽ കാര്യക്ഷമമാക്കണം. മാലിന്യ മുക്തം നവകേരളം ക്യാമ്പയിനിൽ സംസ്ഥാനം നല്ല പുരോഗതി നേടിയിട്ടുണ്ട്. ഇത് പൂർണ്ണതയിലെത്തിക്കാൻ ജില്ലാ കളക്ടർമാർ നേതൃപരമായ പങ്ക് വഹിക്കണം. ജനുവരിയിൽ തുടങ്ങിയ വലിച്ചെറിയൽ വിരുദ്ധ ക്യാമ്പയിനിന് ജനപങ്കാളിത്തം ഉറപ്പാക്കണമെന്നും മാലിന്യമുക്ത പരിപാടികളിൽ സ്‌കൂളുകളെ കൂടുതലായി ഉൾപ്പെടുത്തി ബോധവൽക്കരണം നടപ്പിലാക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
ലഹരി വിരുദ്ധ പ്രവർത്തനങ്ങളും ബോധവൽക്കരണവും വ്യാപകമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ലഹരിക്കെതിരെ എക്‌സൈസ്, പോലീസ് തുടങ്ങിയ വകുപ്പുകൾ പ്രവർത്തനസജ്ജരാണ്. എങ്കിലും ലഹരി മാഫിയകൾക്കെതിരെ വിവിധ തലത്തിൽ വിദ്യാർത്ഥികളെ ഉപയോഗിച്ച് ബോധവൽക്കരണ പ്രവർത്തനങ്ങൾ ശക്തമാക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.
സാന്ത്വന പരിചരണ രംഗത്ത് നല്ല ശ്രദ്ധ പുലർത്തണം. അവശതയുള്ളവർക്കായി ജില്ലകളിൽ പ്രത്യേക പദ്ധതികളും സന്നദ്ധ സേവകരുടെ പ്രവർത്തനങ്ങളും കൂടുതൽ ഉറപ്പാക്കണം. വിവിധ സന്നദ്ധ സംഘടനകൾക്ക് തദ്ദേശസ്വയംഭരണ തലത്തിൽ രജിസ്‌ട്രേഷൻ നടപ്പിലാക്കി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണം. ഗ്രാമീണ റോഡുകളുടെ നിർമാണ പ്രവർത്തങ്ങൾ വേഗത്തിലാക്കണമെന്നും മുഖ്യമന്ത്രി നിർദേശം നൽകി.
Discussion about this post