തിരുവനന്തപുരം: നിലവിലെ മദ്യനയം ഒരു വര്‍ഷംകൂടി തുടരാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. അടുത്ത ഏപ്രില്‍ ഒന്ന് മുതല്‍ 2017 മാര്‍ച്ച് 31 വരെയുള്ള പുതിയ മദ്യനയമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് മാത്രം ബാര്‍ ലൈസന്‍സ് എന്ന തീരുമാനം തുടരുമെന്നും പുതിയ ഉത്തരവില്‍ സര്‍ക്കാര്‍ വ്യക്തമാക്കി.
എല്‍.ഡി.എഫ്. അധികാരത്തില്‍ എത്തിയാല്‍ മദ്യനയത്തില്‍ മാറ്റമുണ്ടാകുമെന്ന പ്രചാരണത്തിനിടെയാണ് അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെയുള്ള മദ്യനയം സര്‍ക്കാര്‍ മുന്‍കൂട്ടി പ്രഖ്യാപിച്ചത്.
സുപ്രീംകോടതിയുടെ അംഗീകാരം ലഭിച്ച മദ്യനയം മാറ്റേണ്ടതില്ലെന്ന് കഴിഞ്ഞ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നികുതിവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത്.
സംസ്ഥാനത്ത് മദ്യലഭ്യതയും ഉപഭോഗവും കുറച്ചുകൊണ്ടുവരുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ മദ്യനയവും പ്രഖ്യാപിക്കുന്നതെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. എക്‌സൈസ് കമ്മിഷണറുടെ ശുപാര്‍ശകൂടി പരിഗണിച്ചാണ് തീരുമാനം.
തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നുകഴിഞ്ഞാല്‍ പുതിയ മദ്യനയം പ്രഖ്യാപിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് നേരത്തെതന്നെ സര്‍ക്കാര്‍ ഉത്തരവിറക്കിയത്. പുതിയ മദ്യനയം ഇപ്പോള്‍ പ്രഖ്യാപിക്കാതിരുന്നാല്‍ പിന്നീട് വരുന്ന സര്‍ക്കാരിന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയും.
Discussion about this post