ദക്ഷിണകൊറിയൻ കാർ നിർമ്മാതാക്കളായ ഹ്യുണ്ടായ് തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ ലോഞ്ചിന് ഒരുങ്ങുകയാണ്. ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിൽ ആണ് ഹ്യുണ്ടായിയുടെ ഏറ്റവും പുതിയ ലോഞ്ച് നടക്കുന്നത്. 2025 ജനുവരി 17 മുതൽ ഡൽഹിയിൽ നടക്കുന്ന എക്സ്പോയിൽ ഹ്യുണ്ടായ് തങ്ങളുടെ ഏറ്റവും പുതിയ ഇലക്ട്രിക് കാറായ ഹ്യുണ്ടായ് ക്രെറ്റ ഇവി ആണ് അവതരിപ്പിക്കുക.
6 ദിവസം നീണ്ടുനിൽക്കുന്ന ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വാഹന നിർമ്മാതാക്കൾ പങ്കെടുക്കുന്നതായിരിക്കും. കഴിഞ്ഞവർഷം ഇന്ത്യൻ വാഹന വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട വാഹനങ്ങളിൽ അഞ്ചാം സ്ഥാനത്ത് ആയിരുന്നു ഹ്യുണ്ടായ് ക്രെറ്റ ഉണ്ടായിരുന്നത്. ഇന്ത്യയിൽ 11 ലക്ഷത്തിലധികം ക്രെറ്റ എസ്‌യുവികൾ വിറ്റഴിച്ചതിനുശേഷം ആണ് ഹ്യുണ്ടായ് ക്രെറ്റയുടെ ഇലക്ട്രിക് രൂപം പുറത്തിറക്കുന്നത്. ഇന്ത്യൻ വിപണിയിൽ ക്രെറ്റയ്ക്ക് ലഭിക്കുന്ന മികച്ച പ്രതികരണം ക്രെറ്റ ഇവിയ്ക്കും ലഭിക്കുമെന്ന് കമ്പനി കരുതുന്നു.
പെട്രോൾ-ഡീസൽ മോഡലിന് സമാനമായ രീതിയിൽ ബോഡി പാർട്സുകൾക്ക് വലിയ മാറ്റമൊന്നും ഇല്ലാതെ തന്നെയാണ് ക്രെറ്റ ഇവി പുറത്തിറക്കിയിരിക്കുന്നത്. ബ്ലാങ്ക്ഡ് ഓഫ് ഗ്രില്ലും എയറോഡൈനാമിക്കായി രൂപകൽപ്പന ചെയ്ത അലോയ് വീലുകളും ഉൾപ്പെടെയുള്ള ചില മാറ്റങ്ങൾ മാത്രമാണ് ക്രെറ്റ ഇലക്ട്രിക് പരിണാമത്തിനുള്ളത്.
ഇന്റീരിയറിലും ക്രെറ്റ ഇവി വലിയ രീതിയിലുള്ള മാറ്റങ്ങൾ ഒന്നും വരുത്തിയിട്ടില്ല. ഡ്യുവൽ ടോൺ ഇൻ്റീരിയറും ഡാഷ്‌ബോർഡിൽ ഇരട്ട സ്‌ക്രീൻ സജ്ജീകരണവും നിലനിർത്തിയിട്ടുണ്ട്. പനോരമിക് സൺറൂഫ്, ഡ്യുവൽ സോൺ ഓട്ടോ എസി, വയർലെസ് ഫോൺ ചാർജർ, പവർ, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ എന്നിവയും ക്രെറ്റ ഇവിയിൽ ഉണ്ടാകും. വെഹിക്കിൾ-ടു-ലോഡ് (V2L) ചാർജിംഗ്, മൾട്ടി ലെവൽ റീജനറേറ്റീവ് ബ്രേക്കിംഗ് തുടങ്ങിയ ഇവി-നിർദ്ദിഷ്‌ട സവിശേഷതകളും കൂടെ ഉൾപ്പെടുത്തിയിട്ടാണ് ഹ്യുണ്ടായ് ക്രെറ്റ ഇവി ലോഞ്ചിനായി ഒരുങ്ങുന്നത്.
Leave a Comment