എറണാകുളം : കലൂർ സ്റ്റേഡിയത്തിലെ സ്റ്റേജിൽ നിന്നും വീണ് ചികിത്സയിലായിരുന്ന എംഎൽഎ ഉമ തോമസിന്റെ ആരോഗ്യനിലയിൽ മികച്ച പുരോഗതി കൈവരിച്ചതായി വിവരം. ആശുപത്രിയിൽ നിന്നും ഉമ തോമസ് ഫോണിൽ വീഡിയോ കോളിൽ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദു അടക്കമുള്ളവരുമായി ഉമ തോമസ് ഫോണിൽ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.
ആശുപത്രിയിൽ നിന്നുള്ള ഉമ തോമസിന്റെ ഏറ്റവും പുതിയ വീഡിയോ എംഎല്‍എയുടെ ഫേസ്ബുക്ക് ടീം ആണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദു, തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ രാധാമണി പിള്ള, മറ്റ് സഹപ്രവര്‍ത്തകര്‍ എന്നിവരുമായി ഉമ തോമസ് ഫോണിൽ സംസാരിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്.
ഇപ്പോൾ ആശ്വാസം തോന്നുന്നതായി ഉമ തോമസ് വീഡിയോയിൽ അറിയിക്കുന്നുണ്ട്. മന്ത്രി ആർ ബിന്ദു കാണാന്‍ എത്തിയതിൽ സന്തോഷമുണ്ടെന്നും എംഎൽഎ അറിയിച്ചു. വരുന്ന നിയമസഭാ സമ്മേളനത്തിൽ താൻ ഉണ്ടാവില്ല എന്നും ഉമ തോമസ് വീഡിയോ കോളിലൂടെ മന്ത്രി ആർ ബിന്ദുവിനോട് അറിയിച്ചു. 11 ദിവസങ്ങൾക്ക് മുൻപ് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ഉമ തോമസ് എംഎൽഎയെ കഴിഞ്ഞ ദിവസമാണ് ഐസിയുവിൽ നിന്ന് മുറിയിലേക്ക് മാറ്റിയിരുന്നത്.
Discussion about this post