ന്യൂഡൽഹി : കൊലപ്പെടുത്താനുള്ള ഗൂഢാലോചനയെ കുറിച്ച് വെളിപ്പെടുത്തി മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള അക്രമാസക്തമായ പ്രതിഷേധങ്ങൾക്കിടയിൽ കഴിഞ്ഞ വർഷം ആഗസ്റ്റ് 5 ന് ധാക്കയിൽ നിന്ന് പലായനം ചെയ്യുന്നതിന് നിമിഷങ്ങൾക്ക് മുൻപ് തന്നെയും സഹോദരിയെയും വധിക്കാൻ ശ്രമം നടന്നതായി പുറത്താക്കപ്പെട്ട ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ആരോപിച്ചു.
വെള്ളിയാഴ്ച ബംഗ്ലാദേശ് അവാമി ലീഗിന്റെ ഫേസബുക്ക് പേജിലൂടെയാണ് ഷെയ്ഖ് ഹസീനയുടെ വെളിപ്പെടുത്തൽ . 25 മിനിറ്റിനുള്ളിലാണ് താനും റെഹാനയും മരണത്തിൽ നിന്ന് രക്ഷപ്പെട്ടത്. ഇത് ആദ്യമായല്ല തനിക്കെതിരെ വധശ്രമം ഉണ്ടാവുന്നത്. തന്നെ ഇല്ലാതാക്കാൻ നിരവധി ശ്രമങ്ങൾ ഇതിന് മുൻപ് നടന്നിട്ടിണ്ടെന്നും ഷെയ്ഖ് ഹസീന പറഞ്ഞു.
ആഗസ്റ്റ് 21, അഞ്ച് തീയതികളിൽ തന്നെ കൊല്ലാൻ ശ്രമമുണ്ടായി. അള്ളാഹുവിന്റെ അനുഗ്രഹത്താൽ താൻ ഇപ്പോഴും ജീവനോടെ ഇരിക്കുന്നു. അള്ളാഹുവിന്റെ ഒരു കൈ എനിക്ക് മേൽ എപ്പോഴും ഉണ്ട്. ഞാൻ കഷ്ടപ്പെടുകയാണ്, എന്റെ രാജ്യവും വീടും ഇല്ലാതെ. എല്ലാം കത്തി നശിച്ചു…”,പൊട്ടിക്കരഞ്ഞുകൊണ്ട് ഷെയ്ഖ് ഹസീന പറഞ്ഞു.
ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന് ബംഗ്ലാദേശ് ഇന്ത്യയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാൽ ഇന്ത്യ ഷെയ്ഖ് ഹസീനയുടെ വിസ കാലാവധി നീട്ടി നൽകിയിരിക്കുകയാണ്. ഷെയ്ഖ് മുജീബുർ റഹ്‌മാന്റെ മകൾ ഷൈഖ് ഹസീന ആഗസ്റ്റ് 5 വരെ ബംഗ്ലാദേശിനെ ഭരിച്ചു. വിദ്യാർത്ഥി പ്രക്ഷോഭത്തെത്തുടർന്ന് രാജ്യം വിട്ട് മണിക്കൂറുകൾക്കുള്ളിൽ പ്രക്ഷോഭകാരികൾ പ്രധാനമന്ത്രിയുടെ വസതി കൊള്ളയടിക്കുകയും നശിപ്പിക്കുകയും ചെയ്തു.
Discussion about this post