ചന്ദ്രനിൽ പോയാലും അവിടെ ഒരു മലയാളിയെ കാണാം എന്നൊരു പഴഞ്ചൊല്ല് നമ്മൾ പലപ്പോഴും കേട്ടിട്ടുണ്ടാകും. ലോകത്തിന്റെ മുക്കിലും മൂലയിലും ഉള്ള മലയാളികൾ ഇപ്പോൾ ഇന്ത്യയിലെ സെലിബ്രിറ്റി കുടുംബങ്ങളുടെയും ഒരു പ്രധാന ഭാഗമായി മാറിയിരിക്കുകയാണ്. ബോളിവുഡിലെ ഒട്ടുമിക്ക സെലിബ്രിറ്റി കുടുംബങ്ങളിലും ആയമാരായി ജോലി ചെയ്യുന്നവരിൽ നിരവധി പേർ മലയാളികളായി ഉണ്ട്. നേരത്തെ മഹേന്ദ്ര സിംഗ് ധോണിയുടെയും ആലിയ ഭട്ടിന്റെയും കുഞ്ഞുങ്ങളെ നോക്കുന്ന മലയാളി ആയമാരെ കുറിച്ച് നമ്മൾ വാർത്തകൾ കേട്ടിട്ടുണ്ട്. ഇത്തരത്തിൽ സെലിബ്രിറ്റി കുടുംബങ്ങളിലെ ആയമാരിൽ ഇപ്പോഴത്തെ താരം ഏലിയാമ്മയാണ്.
നടൻ സെയ്ഫ് അലി ഖാന്റെ ഇളയ മകനായ ജഹാംഗീറിന്റെ ആയയായി ജോലി ചെയ്യുന്ന മലയാളി ആണ് ഏലിയാമ്മ. ഇക്കഴിഞ്ഞ ജനുവരി 16ന് സെയ്‌ഫിന്റെ വീട്ടിൽ അതിക്രമിച്ചുകയറിയ മോഷ്ടാവിനെ ആദ്യം നേരിട്ടതും ഏലിയാമ്മ ആയിരുന്നു. തുടർന്ന് മോഷ്ടാവിന്റെ കുത്തേറ്റ സെയ്‌ഫ് അലി ഖാനെ ഇളയ മകനെയും കൂട്ടി ആശുപത്രിയിലേക്ക് കൊണ്ടുപോയതും ഏലിയാമ്മ തന്നെയാണ്. ഇപ്പോൾ ഏലിയമ്മയുടെ ഈ പ്രവൃത്തികൾക്ക് പ്രശംസയും അഭിനന്ദനവും അറിയിച്ചിരിക്കുകയാണ് സെയ്ഫിന്റെ സഹോദരി സബ അലി ഖാൻ.
‘ആരും പാടിപ്പുകഴ്ത്താത്തവർ’ എന്ന കുറിപ്പോടെയാണ് സബ ഏലിയാമ്മയെയും മറ്റൊരു ആയയേയും കുറിച്ചുള്ള പോസ്റ്റ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത് . രണ്ടുപേർക്കുമൊപ്പം പലപ്പോഴായി എടുത്ത ഫോട്ടോകൾ ഉൾപ്പെടെയാണ് സബ പോസ്റ്റ് ചെയ്തിരിക്കുന്നത്. “അപകടഘട്ടത്തിൽ സമയോചിതമായി ധൈര്യപൂർവ്വം നേരിട്ട രണ്ടുപേർക്കും അഭിനന്ദനങ്ങൾ. എന്റെ സഹോദരനെയും കുടുംബത്തിനെയും ആപത്ഘട്ടത്തിൽ സംരക്ഷിച്ചതിന് നിങ്ങൾക്ക് നന്ദി. നിങ്ങൾ ഏറ്റവും മികച്ചവരാണ്, ദൈവം അനുഗ്രഹിക്കട്ടെ ” എന്നായിരുന്നു സബ ഏലിയാമ്മയെ കുറിച്ച് സൂചിപ്പിക്കുന്ന പോസ്റ്റിൽ കുറിച്ചത്.








