ഐഎസ്എല്ലിലെ എവേ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ചെന്നൈ എഫ്സിയുമായി ഏറ്റുമുട്ടും. ചെന്നൈയിൽ രാത്രി 7.30നാണ് മത്സരം. പ്ലേ ഓഫ് സാധ്യത ഏതാണ്ട് അസ്തമിച്ച കേരള ബ്ലാസ്റ്റേഴ്‌സിന് ജയത്തിൽ കുറഞ്ഞൊന്നും ചിന്തിക്കാൻ പറ്റില്ല. സീസണിൽ അവശേഷിക്കുന്ന 6 മത്സരങ്ങളിൽ നിന്ന് മാക്സിമം പോയിന്റ് നേടിയാൽ മാത്രമെ പ്ലേ ഓഫ് എന്ന മോഹം നിലനിർത്താൻ സാധിക്കുകയുള്ളു.
18 മത്സരങ്ങളിൽ നിന്ന് 21 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് ടേബിളിൽ എട്ടാം സ്ഥാനത്താണ്. 18 മത്സരങ്ങളിൽ നിന്ന് 18 പോയിന്റുമായി ചെന്നൈയിൻ പത്താം സ്ഥാനത്ത് നിൽക്കുന്നു. കൊച്ചിയിൽ നടന്ന ആദ്യ ലെഗ്ഗിൽ ബ്ലാസ്റ്റേഴ്‌സ് ചെന്നൈയിനെ 3-0ത്തിന് തകർത്തിരുന്നു. ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സ് ആധിക്കാരിക വിജയം നേടിയ മത്സരം കൂടിയായിരുന്നു ഇത്.
അതിന് ശേഷം കളിച്ച 9 മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് ചെന്നൈയിന് ജയിക്കാനായത്. ഐഎസ്എല്ലിലെ അവസാന മത്സരത്തിൽ ചെന്നൈയിൻ എഫ്സി എഫ്സി ഗോവയോട് രണ്ട് ഗോളുകൾക്ക് പരാജയപ്പെട്ടിരുന്നു. പുതുവർഷത്തിൽ നന്നായി തുടങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് അവസാന നാല് മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് പരാജയപ്പെട്ടത്.
പഞ്ചാബിനെയും ഒഡീഷയെയും തോൽപ്പിച്ച ബ്ലാസ്റ്റേഴ്‌സ് നോർത്ത് ഈസ്റ്റിനോട് സമനിലയും വഴങ്ങി. എന്നാൽ, കഴിഞ്ഞ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനോട് 2-1ന് തോൽവി നേരിടേണ്ടി വന്നത് ബ്ലാസ്റ്റേഴ്‌സിന്റെ ആത്മവിശ്വാസത്തെ ബാധിച്ചിട്ടുണ്ട്. അഡ്രിയാൻ ലൂണയുടെ നേതൃത്വത്തിൽ ഇറങ്ങുന്ന ടീമിൽ ഡിഫൻഡർ ഐബാൻ ഡോഹ്ലിംഗ് തിരിച്ചെത്തും. റെഡ് കാർഡ് കണ്ടത് കാരണം ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തിൽ ഐബാന് സസ്പെൻഷൻ ഉണ്ടായിരുന്നു.
ഗോൾ കീപ്പർ സച്ചിൻ സുരേഷിന്റെ മോശം പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സിനെ പ്രധാനമായും അലട്ടുന്നത്. ലെഫ്റ്റ് വിംഗിൽ നോഹ സദോയിക്ക് പകരം യുവ ഇന്ത്യൻ താരം അമാവിയ ഇടം പിടിക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ബ്ലാസ്റ്റേഴ്‌സ് ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ സൈൻ ചെയ്ത വിദേശ താരം ദുസാൻ ലഗാറ്റർ ആദ്യ ഇലവനിൽ ഇറങ്ങിയേക്കും. ഇടക്കാല പരിശീലകൻ ടി ജി പുരുഷോത്തമനാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ കോച്ച്. വിദേശ പരിശീലകൻ ഓവൻ കോയലിന്റെ ശിക്ഷണത്തിലാണ് ചെന്നൈയിൻ ഇറങ്ങുക. മുന്നേറ്റനിരയിൽ വിൽമർ ജോർദനും കോണോർ ഷീൽഡ്സും ചേർന്നുള്ള ചെന്നൈയിൻ കൂട്ടുകെട്ടിനെ നിയന്ത്രിക്കാൻ സാധിച്ചാൽ ബ്ലാസ്റ്റേഴ്‌സിന് ഇന്ന് കാര്യങ്ങൾ എളുപ്പമാകും.
Discussion about this post