കണ്ണൂർ : എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിലേക്ക് നയിച്ചത് പി പി ദിവ്യയുടെ പ്രസംഗത്തിലെ പരാമർശങ്ങളെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. കണ്ണൂർ ജില്ലാ സമ്മേളനത്തിൽ വച്ചാണ് എം വി ജയരാജൻ ഇക്കാര്യം വ്യക്തമാക്കിയത്. ദിവ്യ ചെയ്തത് തെറ്റായിരുന്നു. ആ കാഴ്ചപ്പാട് തന്നെയാണ് അന്നും ഇന്നും പാർട്ടിക്ക് ഉള്ളത് എന്നും എം വിജയരാജൻ വ്യക്തമാക്കി.
നവീൻ ബാബുവിന്റെ മരണത്തെ തുടർന്ന് പാർട്ടിക്കെതിരായി കടുത്ത രീതിയിലുള്ള ജനവികാരം ഉയർന്നതോടെ പി പി ദിവ്യയെ തള്ളുന്ന നടപടിയാണ് കണ്ണൂർ ജില്ലാ സമ്മേളനത്തിൽ സിപിഎം സ്വീകരിച്ചത്. പിപി ദിവ്യ നവീൻ ബാബുവിന് നൽകിയ യാത്രയയപ്പ് ചടങ്ങിൽ നടത്തിയ പ്രസംഗം ന്യായീകരിക്കാൻ കഴിയാത്ത തെറ്റാണെന്ന് ജില്ലാ സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ടിലും ഉൾപ്പെടുത്തിയിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പ് കാലത്ത് ദിവ്യയുടെ ഔചിത്യമില്ലാത്തതും പദവിക്ക് നിരക്കാത്തതുമായ പെരുമാറ്റം പാർട്ടിയെ പ്രതിസന്ധിയിലാക്കിയെന്ന അഭിപ്രായവും ജില്ലാ സമ്മേളനത്തിൽ ഉയര്‍ന്നു.
എന്നാൽ ദിവ്യയെ അനുകൂലിച്ചും സമ്മേളനത്തിൽ ചർച്ചയുണ്ടായി. റിമാൻഡിൽ കഴിയുന്നതിനിടെ പാർട്ടി നടപടിയെടുത്തത് ശരിയായില്ലെന്ന് ഏതാനും നേതാക്കൾ അഭിപ്രായപ്പെട്ടു. പൊലീസും പാർട്ടിയും മാധ്യമവിചാരണയ്ക്ക് വഴങ്ങിയെന്നും ജില്ലാ സമ്മേളനത്തിൽ വിമർശനം ഉയര്‍ന്നു.
Discussion about this post