ഡെറാഡൂൺ : ഇന്ത്യയിലെ തന്നെ ആദ്യത്തെ ലിവ്-ഇൻ റിലേഷൻഷിപ്പ് രജിസ്ട്രേഷന് അംഗീകാരം നൽകി ഉത്തരാഖണ്ഡ് സർക്കാർ. സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കിയതിന്റെ ഭാഗമായാണ് ലിവ്-ഇൻ റിലേഷൻഷിപ്പിന് പ്രത്യേക രജിസ്ട്രേഷൻ വേണമെന്ന നിയമം കൊണ്ടുവന്നിരുന്നത്. ഇതിന്റെ ഭാഗമായി ആദ്യമായി ലഭിച്ച മൂന്ന് അപേക്ഷകളിൽ ഒന്നിനാണ് ഇപ്പോൾ സർക്കാർ അംഗീകാരം നൽകിയിരിക്കുന്നത്.
ലിവ്-ഇൻ റിലേഷൻഷിപ്പ് രജിസ്ട്രേഷനായി കൂടുതൽ അപേക്ഷകൾ ലഭിക്കുന്നുണ്ടെന്ന് ഉത്തരാഖണ്ഡ് സർക്കാർ വ്യക്തമാക്കി. വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുന്നതിന് ദമ്പതികൾക്ക് നിയമപരമായ പരിരക്ഷ ലഭിക്കുന്ന രാജ്യത്തെ ആദ്യ സംഭവമായി മാറിയിരിക്കുകയാണ് ഉത്തരാഖണ്ഡിലെ ലിവ്-ഇൻ റിലേഷൻഷിപ്പ് രജിസ്ട്രേഷൻ. കാലഘട്ടത്തിനനുസരിച്ച് നിയമങ്ങളുടെ ചട്ടക്കൂട് ആധുനികവൽക്കരിക്കേണ്ടതുണ്ട് എന്നാണ് ഈ വിഷയത്തിൽ ഉത്തരാഖണ്ഡ് സർക്കാരിന്റെ നിലപാട്. വൈവിധ്യമാർന്ന ബന്ധങ്ങളെ സ്വീകരിക്കുന്നതിനോടൊപ്പം തന്നെ ഈ ബന്ധങ്ങളിലുള്ള സംസ്ഥാനത്തെ ജനങ്ങൾക്ക് കൃത്യമായ നിയമപരിരക്ഷ ഉറപ്പു നൽകുകയും ചെയ്യുന്നതാണ് ഉത്തരാഖണ്ഡ് സർക്കാരിന്റെ നിലപാട്.
ഈ വർഷം ജനുവരി 27 മുതലാണ് ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് പ്രാബല്യത്തിൽ വന്നത്. ഇന്ത്യയിൽ ആദ്യമായി ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കിയ സംസ്ഥാനം കൂടിയാണ് ഉത്തരാഖണ്ഡ്. വിവാഹവും വിവാഹമോചനവും സ്വത്തവകാശവും തുടങ്ങി എല്ലാ കാര്യങ്ങളിലും സംസ്ഥാനത്തെ എല്ലാ പൗരന്മാർക്കും ഒരേപോലെ ബാധകമായ നിയമങ്ങളാണ് ഏകീകൃത സിവിൽ കോഡിലൂടെ ഉത്തരാഖണ്ഡ് നടപ്പിലാക്കുന്നത്.
ലിവ്-ഇൻ റിലേഷൻഷിപ്പ് രജിസ്ട്രേഷനായി യുസിസി പോർട്ടലിൽ അപേക്ഷ നൽകാവുന്നതാണ്. നിലവിൽ ഇത്തരത്തിലുള്ള മൂന്ന് അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത് എന്ന് സർക്കാർ വ്യക്തമാക്കുന്നു. ഡെറാഡൂൺ പോലീസ് നിലവിൽ അപേക്ഷകൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. രേഖകളും ക്ലെയിമുകളും സാധുതയുള്ളതാണെന്ന് പരിശോധിച്ചുകഴിഞ്ഞാൽ, ഒരുമിച്ച് താമസിക്കാൻ അനുവദിക്കുന്ന സർട്ടിഫിക്കറ്റുകൾ നൽകും.
ദമ്പതികൾക്ക് അവരുടെ ലിവ്-ഇൻ ബന്ധങ്ങൾ ഓൺലൈനായോ ഓഫ്‌ലൈനായോ അവസാനിപ്പിക്കാനുള്ള സാധുത കൂടി നൽകുന്നതാണ് ഈ രജിസ്ട്രേഷൻ. ലിവ്-ഇൻ ബന്ധം ആരംഭിച്ചാൽ ഒരു മാസത്തിനകം തന്നെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണം. ബന്ധം പിരിയണം എന്ന് തോന്നുകയാണെങ്കിൽ പങ്കാളികൾ രണ്ടുപേരും ചേർന്ന് രജിസ്ട്രാറെ കണ്ട് സമ്മതം അറിയിക്കണം. ലിവ്-ഇൻ റിലേഷൻഷിപ്പ് രജിസ്ട്രേഷനായി യുസിസി വെബ് പോർട്ടലിൽ രജിസ്റ്റർ ചെയ്താൽ മാതാപിതാക്കളെയും വിവരം അറിയിക്കുന്നതാണ്.
ബന്ധം രജിസ്ട്രാർ അംഗീകരിച്ചു കഴിഞ്ഞാൽ ഔദ്യോഗികമായി ഒരു സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്. ഈ സർട്ടിഫിക്കറ്റിലൂടെ പങ്കാളികൾക്ക് വീടുകൾ, ഹോസ്റ്റലുകൾ അല്ലെങ്കിൽ പിജി താമസ സൗകര്യങ്ങൾ എന്നിവ വാടകയ്ക്ക് എടുക്കാൻ അനുവദിക്കും. ലിവ്-ഇൻ ബന്ധത്തിലുള്ള ഒരു സ്ത്രീ ഗർഭിണിയായാൽ രജിസ്ട്രാറെ അറിയിക്കേണ്ടത് നിർബന്ധമാണ്. കുട്ടി ജനിച്ച് 30 ദിവസത്തിനുള്ളിൽ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യണം. ലിവ്-ഇൻ ബന്ധത്തിൽ ജനിക്കുന്ന കുട്ടികളെ ദമ്പതികളുടെ സന്തതികളായി അംഗീകരിക്കുകയും സാധാരണ രീതിയിലുള്ള ദമ്പതികൾക്ക് ഉണ്ടാകുന്ന കുഞ്ഞുങ്ങൾക്ക് ലഭിക്കുന്ന എല്ലാ അവകാശങ്ങളും ഈ കുട്ടികൾക്ക് ലഭ്യമാവുകയും ചെയ്യും. ലിവ്-ഇൻ റിലേഷൻഷിപ്പ് രജിസ്റ്റർ ചെയ്യാതെ ഇരിക്കുന്നത് യുസിസി പ്രകാരം ആറ് മാസം വരെ തടവോ 25,000 രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാവുന്ന കുറ്റമാണ്.
Discussion about this post