ന്യൂഡൽഹി: ഓറക്കിൾ മുൻ സിഇഒ മാർക് ഹർഡിൻറെ വിധവ പൗള ഹർഡുമായുള്ള തന്റെ പ്രണയം തുറന്നു പറഞ്ഞ് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്‌സ്. 2022 മുതൽ പല വേദികളിലും ഇരുവരെയും ഒരിമിച്ച് കണ്ടിരുന്നെങ്കിലും ഇതാദ്യമായാണ് ബിൽഗേറ്റ്‌സ് പൗളയുമായുള്ള പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തുന്നത്. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലായിരുന്നു ബിൽഗേറ്റ്‌സിന്റെ തുറന്നുപറച്ചിൽ.
പൗളയെ തന്റെ പ്രണയിനിയായി ലഭിച്ചതിലെ സന്തോഷം അദ്ദേഹം പങ്കുവച്ചു. പൗളയെ പോലെ ഗൗരവക്കാരിയായ ഒരു കാമുകിയെ കിട്ടിയതിൽ ഞാൻ ഭാഗ്യവാനാണ്. ഞങ്ങൾ ജീവിതം ആസ്വദിക്കുന്നു, ഒളിമ്പിക്‌സിന് പോകുന്നു, ഒരുമിച്ച് നിരവധി മികച്ച അനുഭവങ്ങൾ ആസ്വദിക്കുന്നു’- ബിൽഗേറ്റ്‌സ് പറഞ്ഞു.
2022ലാണ്, ബിൽഗേറ്റ്‌സിനെയും പൗളിനെയും ആദ്യമായി ഒരുമിച്ച് കാണുന്നത്. പാരീസ് ഒളിമ്പിക്‌സ്, ബ്രേക്ക്ത്രൂ സമ്മാനദാന ചടങ്ങ്, അനന്ത് അംബാനിയുടെ വിവാഹം എന്നിവയുൾപ്പെടെ വിവിധ പരിപാടികളിൽ ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 2023ൽ ബിൽഗേറ്റ്‌സുമായി സൗഹൃദത്തിലാണെന്ന് പൗൾ അനൗദ്യോഗികമായി സമ്മതിച്ചിരുന്നു.
2021ലാണ് മെലിൻഡ ഫ്രഞ്ച് ഗേറ്റ്‌സുമായുള്ള ബിൽഗേറ്റ്‌സിന്റെ വേർപിരിയൽ. ‘ഞാൻ ഏറ്റവും ഖേദിക്കുന്ന തെറ്റ്’ എന്നാണ് വേർപിരിയലിനെ അദ്ദേഹം വിശേഷിപ്പിച്ചത്. 27 വർഷത്തെ ദാമ്പത്യത്തിനുശേഷം മെലിൻഡ ഫ്രഞ്ച് ഗേറ്റ്‌സിൽ നിന്ന് വിവാഹമോചനം നേടിയത് താൻ നേരിട്ട ഏറ്റവും വലിയ ആഘാതമായിരുന്നു. അതിൽ നിന്നും മോചിതനാവാൻ തനിക്ക് രണ്ട് വർഷമെടുത്തു. ഇപ്പോഴത്തെ ജീവിതം തനിക്ക് ഏറെ സന്തോഷം നൽകുന്നതാണ്. എന്നാൽ, വിവാഹമോചനം തനിക്കും മെലിൻഡയ്ക്കും അവിശ്വസനീയമാംവിധം ബുദ്ധിമുട്ടുള്ള ഒരു കാലഘട്ടമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിവാഹ ജീവിതത്തിൽ തനിക്കുണ്ടായ പോരായ്മകൾ അദ്ദേഹം അംഗീകരിച്ചു. ഒരു മൈക്രോസോഫ്റ്റ് ജീവനക്കാരിയുമായുള്ള ബന്ധം പരാമർശിച്ച അദ്ദേഹം മെലിൻഡയ്ക്ക് വേദനയുണ്ടാക്കുന്ന പല കാര്യങ്ങളും തന്റെ ഭാഗത്ത് നിന്നും ഉണ്ടായതായി അദ്ദേഹം പറഞ്ഞു. ‘ഞാൻ തീർച്ചയായും തെറ്റുകൾ ചെയ്തിട്ടുണ്ട്. ഉത്തരവാദിത്തം ഏറ്റെടുക്കുന്നു’ ബിൽഗേറ്റ്‌സ് പറഞ്ഞു.
ലൈംഗിക കുറ്റവാളിയെന്ന് വിധിക്കപ്പെട്ട ജെഫ്രി എപ്സ്റ്റീനുമായുള്ള ബിൽ ഗേറ്റ്‌സിന്റെ മുൻകാല ബന്ധമാണ് മെലിൻഡയുമായുള്ള വേർപിരിയലിന് കാരണമായ മറ്റൊരു പ്രധാന ഘടകം. ഇത്തരം കാര്യങ്ങളോടുള്ള തന്റെ ശക്തമായ എതിർപ്പ് മെലിൻഡ പരസ്യമായി പ്രകടിപ്പിച്ചിരുന്നു.
Discussion about this post