ന്യൂഡൽഹി: സിനിമാമേഖലയിലെ സ്ത്രീകള്‍ക്ക് നേരെയുള്ള ചൂഷണങ്ങൾ പഠിക്കാൻ നിയോഗിച്ച ഹേമാ കമ്മിറ്റിക്കു മുൻപാകെ പരാതി നല്‍കിയവരെ കേസ് അന്വേഷിക്കാന്‍ നിയോഗിച്ച പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി.) പീഡിപ്പിക്കുന്നതായി തോന്നിയാൽ ഹൈക്കോടതിയിൽ അറിയിക്കാമെന്ന് സുപ്രീംകോടതി. ഹേമാ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികളുടെ അടിസ്ഥാനത്തിൽ കേസെടുക്കാനുള്ള കേരള ഹൈക്കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് നിർമാതാവ് സജിമോൻ പാറയിൽ, നടി മാലാ പാർവതി, മേക്കപ്പ് ആർട്ടിസ്റ്റ് സിജെ ജൂലി എന്നിവർ നൽകിയ ഹർജികൾ പരിഗണിക്കവേ ആയിരുന്നു സുപ്രീംകോടതിയുടെ നിര്‍ദേശം. തെളിവും രേഖകളുമില്ലാതെയാണോ വ്യക്തികള്‍ക്കെതിരെ എഫ്ഐആർ രജിസ്റ്റർചെയ്തതെന്ന് ഹൈക്കോടതിക്ക് പരിശോധിക്കാമെന്നും സുപ്രീംകോടതി അറിയിച്ചു.
എസ്.ഐ.ടി. മുൻപാകെ മൊഴി നൽകാൻ നിർബന്ധിക്കുന്നുണ്ടോയെന്നും ഹൈക്കോടതി നിരീക്ഷിക്കണമെന്നും കോടതി പറഞ്ഞു.
മജിസ്ട്രേറ്റിന്റെ അനുമതിയില്ലാതെ തന്നെ പോലീസിന് കേസെടുത്ത് അന്വേഷിക്കാവുന്ന ഗുരുതര കുറ്റകൃത്യം നടന്നുവെന്ന് വിവരം ലഭിച്ചാൽ ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ 176-ാംവകുപ്പ് പ്രകാരം നടപടികൾ സ്വീകരിക്കണം. നിയമപരമായി നീങ്ങുന്ന പോലീസിനെ തടയാനുള്ള നിർദേശം പുറത്തിറക്കാനാവില്ല. അന്വേഷണം ഹൈക്കോടതി നിരീക്ഷിക്കുന്നുണ്ടെന്നും കോടതി വ്യക്തമാക്കി.
ഹേമാ കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പരാതിയില്ലാതെ എഫ്ഐആർ രജിസ്റ്റർചെയ്യാനാവില്ലെന്ന് ഹർജിക്കാർ കോടതിയെ അറിയിച്ചിരുന്നു. മൊഴി നൽകാനോ കേസുമായി മുന്നോട്ടുപോകാനോ ആരും തയ്യാറായില്ലെന്ന് എസ്ഐടി റിപ്പോർട്ടിലുണ്ട് എന്നും ഹർജിക്കാർ പറഞ്ഞു.
ഇതൊന്നും ഇല്ലാതെ എന്തിനാണ് എഫ്ഐആർ രജിസ്റ്റർചെയ്യുന്നത് ചെയ്യുന്നത്. , കമ്മിറ്റി റിപ്പോർട്ടിൽ അഞ്ചുവർഷം ഒന്നുംചെയ്യാതിരുന്ന സർക്കാർ, ഹൈക്കോടതി ഇടപെട്ടതിനെത്തുടർന്നാണ് നടപടി തുടങ്ങിയതെന്നും സുപ്രീംകോടതി വിമർശിച്ചിരുന്നു. മൊഴികളുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്‌ത കേസുകളുമായി മുന്നോട്ടുപോകാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. കുറ്റകൃത്യം സംബന്ധിച്ച് അറിവ് ലഭിച്ചാൽ കേസെടുക്കാൻ പോലീസിന് നിയമപരമായ ഉത്തരവാദിത്വമുണ്ട്. അന്വേഷണം തടസ്സപ്പെടുത്താൻ കഴിയില്ലെന്നും സുപ്രീം കോടതി പറഞ്ഞു.
Discussion about this post