ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ട് കോൺഗ്രസ്. ഒരു സീറ്റിൽ പോലും ലീഡ് ചെയ്യാൻ കഴിയാതെ തകർന്ന് അടിഞ്ഞിരിക്കുകയാണ് കോൺഗ്രസ്. അതേസമയം ബിജെപിയുടെ തേരോട്ടത്തിനാണ് ഡൽഹി സാക്ഷ്യം വഹിക്കുന്നത്.
ഡൽഹിയിൽ ശക്തമായ തിരിച്ചുവരവ് നടത്തും എന്നായിരുന്നു കോൺഗ്രസിന്റെ പ്രചാരണം. എന്നാൽ ഇതിന് വിപരീതമാണ് തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകൾ. കോൺഗ്രസിനെ ഡൽഹിയിലെ ജനങ്ങൾ പൂർണമായി കയ്യൊഴിഞ്ഞിരിക്കുന്നുവെന്നാണ് ഫലം വ്യക്തമാക്കുന്നത്.
വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ ഒരു സീറ്റിൽ ലീഡ് നിലനിർത്താൻ കോൺഗ്രസിന് കഴിഞ്ഞിരുന്നു. ബാഡ്ദി നിയോജക മണ്ഡലത്തിലായിരുന്നു കോൺഗ്രസ് ലീഡ് ചെയ്തിരുന്നത്. എന്നാൽ അര മണിക്കൂർ തികയുന്നതിന് മുൻപേ ഈ ലീഡും നഷ്ടമാകുകയായിരുന്നു. ഒരു സീറ്റിൽ പോലും ലീഡ് ചെയ്യാൻ ഇപ്പോൾ കോൺഗ്രസിന് കഴിയുന്നില്ല.
കോൺഗ്രസ് ഒരു സീറ്റ് പോലും ഡൽഹിയിൽ നേടില്ലെന്നായിരുന്നു എക്‌സിറ്റ്‌പോൾ ഫലങ്ങൾ. എങ്കിലും കോൺഗ്രസ് തികഞ്ഞ ആത്മവിശ്വാസം പ്രകടം ആക്കിയിരുന്നു. എന്നാൽ വോട്ടെണ്ണൽ ആരംഭിച്ചതോടെ ഈ ആത്മവിശ്വാസവും നഷ്ടമാകുകയായിരുന്നു. കോൺഗ്രസിന് സ്വാധീനമുള്ള മണ്ഡലം ആണ് ബാദ്‌ലി. അതുകൊണ്ട് തന്നെ ലീഡ് നേടിയപ്പോൾ ഒരു സീറ്റെങ്കിലും ഇക്കുറി ലഭിക്കുമെന്ന് കോൺഗ്രസ് പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഈ പ്രതീക്ഷയ്ക്ക് അൽപ്പായുസ് മാത്രമായിരുന്നു.
2015 ലെ തിരഞ്ഞെടുപ്പ് വരെ ഡൽഹിയിൽ ശക്തമായ സ്വാധീനം ഉണ്ടായിരുന്ന പാർട്ടി ആയിരുന്നു കോൺഗ്രസ്. എന്നാൽ 2015 ലെ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ചിത്രം മാറി. വളരെ പാടുപെട്ടായിരുന്നു കോൺഗ്രസ് ഒരു സീറ്റ് നേടിയത്. 2020ലെ തിരഞ്ഞെടുപ്പിലും സമാന സാഹചര്യം പാർട്ടിയ്ക്ക് നേരിടേണ്ടിവന്നു.
അതേസമയം ബിജെപിയും ആംദ്മിയും തമ്മിലുള്ള അതിശക്തമായ രാഷ്ട്രീയ പോരാട്ടമാണ് ഡൽഹിയിൽ പുരോഗമിക്കുന്നത്. വോട്ടെണ്ണൽ ആരംഭിച്ചതുമുതൽ വ്യക്തമായ ഭൂരിപക്ഷത്തോടെ മുന്നേറുകയാണ് ബിജെപി. എതിർപാർട്ടിയുടെ ഈ അപ്രതീക്ഷിത മുന്നേറ്റം ആംആദ്മിയെയും ഞെട്ടിച്ചിട്ടുണ്ട്. തുടർച്ചയായ മൂന്നാം തവണയും അധികാരത്തിൽ വരുമെന്നായിരുന്നു ആംആദ്മിയുടെ വിശ്വാസം. എന്നാൽ ഇത് ബിജെപി തകർത്തു.
ഭരണവിരുദ്ധ വികാരമാണ് ഡൽഹിയിൽ പ്രകടമാകുന്നത് എന്നാണ് സൂചന. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കാൻ ആംആദ്മി സർക്കാർ പരാജയപ്പെട്ടതാണ് നിലവിലെ അവസ്ഥയ്ക്ക് കാരണം എന്നാണ് വിലയിരുത്തുന്നത്. ഇതിനിടെ മദ്യ നയ അഴിമതി കേസിൽ അരവിന്ദ് കെജ്രിവാൾ ഉൾപ്പെടെയുള്ള നേതാക്കൾ ജയിലിൽ പോയതും പാർട്ടിയ്ക്ക് തിരിച്ചടി ആയിട്ടുണ്ട്.
Discussion about this post