ബംഗളൂരു: ഏഷ്യയിലെ ഏറ്റവും വലിയ എയ്‌റോ ഷോ ആയ ‘ എയ്‌റോ ഇന്ത്യയ്ക്ക്’ ബംഗളൂരുവിൽ തുടക്കം. ഇന്ത്യൻ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ.പി സിംഗ്, കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി എന്നിവർ ചേർന്ന് ലൈറ്റ് കോംപാറ്റ് എയർക്രാഫ്റ്റ് ആയ തേജസ് വിമാനം പറത്തിക്കൊണ്ടായിരുന്നു പരിപാടിയ്ക്ക് തുടക്കമിട്ടത്. എയ്‌റോ ഇന്ത്യയുടെ 15ാമത് എഡിഷനാണ് ബംഗളൂരുവിൽ നടക്കുന്നത്.
യെലഹങ്കയിലെ വ്യോമതാവളത്തിലാണ് പരിപാടി. ഇവിടെ നിന്നാണ് ഇരു സേനാ മേധാവിമാരും യുദ്ധവിമാനം പറപ്പിച്ചത്. ആദ്യമായിട്ടാണ് ഇരു സേനാ മേധാവിമാരും ഒന്നിച്ച് യുദ്ധ വിമാനത്തിൽ യാത്ര ചെയ്യുന്നത് എന്ന സവിശേഷതയും ഇത്തവണത്തെ എയ്‌റോ ഇന്ത്യയ്ക്ക് ഉണ്ട്. വ്യോമസേന മേധാവിയ്‌ക്കൊപ്പം യുദ്ധവിമാനത്തിൽ സഞ്ചരിച്ച നിമിഷങ്ങൾ തനിക്ക് ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയില്ലെന്ന് ജനറൽ ദ്വിവേദി പ്രതികരിച്ചു.
തന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങൾ ആയിരുന്നു കഴിഞ്ഞു പോയത് എന്ന് ദ്വിവേദി പറഞ്ഞു. തന്റെ കോഴ്‌സ് മേറ്റ് ആയിരുന്നു എയർ ചീഫ് മാർഷൽ. നാഷണൽ ഡിഫൻസ് അക്കാദമിയിൽ ഞങ്ങൾ ഇരുവരും ഒരുമിച്ച് ആയിരുന്നു. എന്നാൽ അടുപ്പം ഉണ്ടായിരുന്നില്ല. നേരത്തെ തന്നെ അദ്ദേഹവുമായി അടുക്കാൻ അവസരം ലഭിച്ചിരുന്നുവെങ്കിൽ താനും വ്യോമസേന തിരഞ്ഞെടുക്കുമായിരുന്നു. വ്യോമസേനയിൽ ചേർന്നിരുന്നുവെങ്കിൽ യുദ്ധവിമാനം പറത്തുന്ന ഒരു പൈലറ്റാകുമായിരുന്നു.
ഇന്ന് മുതൽ എയർ ചീഫ് മാർഷൽ തന്റെ ഗുരുവാണ്. കാരണം ആകാശത്ത് പറക്കുമ്പോൾ നിരവധി കാര്യങ്ങൾ അദ്ദേഹം പഠിപ്പിച്ചുതന്നു. ഇത്തരത്തിൽ ഒരു അനുഭവം പകർന്ന് തനത്തിന് വ്യോമസേനയ്ക്ക് നന്ദി പറയുന്നുവെന്നും ദ്വിവേദി കൂട്ടിച്ചേർത്തു.
ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച യുദ്ധവിമാനം ആണ് തേജസ്. ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡാണ് ഈ വിമാനം നിർമ്മിച്ചത്. ഉദ്ഘാടനത്തിനായി തേജസ് തന്നെ തിരഞ്ഞെടുത്തതിലൂടെ പ്രതിരോധ രംഗത്തെ ഭാരതത്തിന്റെ കരുത്താണ് ലോകത്തിന് മുൻപിൽ വിളിച്ചോതിയത്.
തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച വരെയാണ് ബംഗളൂരുവിൽ എയ്‌റോ ഇന്ത്യ നടക്കുക. പരിപാടിയുടെ ആദ്യ മൂന്ന് ദിവസങ്ങൾ ബിസിനസ് ദിവസങ്ങൾ ആയിരിക്കും. 13,14 തിയതികളിലാണ് പ്രദർശനം കാണാൻ ആളുകൾക്ക് അനുമതിയുള്ളത്.
പരിപാടിയുടെ ഭാഗമായി ഒരു ആമുഖ സെഷൻ, ഉദ്ഘാടന പരിപാടി, പ്രതിരോധ മന്ത്രിമാരുടെ കോൺക്ലേവ്, സിഇഒമാരുടെ റൗണ്ട് ടേബിൾ, മന്ഥൻ സ്റ്റാർട്ട്-അപ്പ് ഇവന്റ്, എയർ ഷോകൾ, ഇന്ത്യ പവലിയൻ ഉൾപ്പെടുന്ന ഒരു വലിയ പ്രദർശന ഏരിയ, എയ്റോസ്പേസ് കമ്പനികളുടെ വ്യാപാര മേള എന്നിവ ഉൾപ്പെടുന്നു.
Discussion about this post