വാഷിംഗ്ടൺ : രണ്ടുദിവസത്തെ അമേരിക്കൻ സന്ദർശനത്തിനായി എത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ടെസ്‌ല സിഇഒ ഇലോൺ മസ്കും യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കൽ വാൾട്ട്സും. വാഷിംഗ്ടൺ ഡിസിയിലെ ബ്ലെയർ ഹൗസിൽ എത്തിയാണ് ഇലോൺ മസ്‌ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടത്. എലോൺ മസ്‌കിനോടോപ്പം മകൻ എക്സ് Æ എ-12 ഉം മറ്റു മക്കളും പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാൻ എത്തിയിരുന്നു.
യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപുമായുള്ള മോദിയുടെ കൂടിക്കാഴ്ചയാണ് ഇനി നടക്കാനിരിക്കുന്നത്. ഇന്ത്യൻ പ്രധാനമന്ത്രിക്കായി ഒരുക്കിയിട്ടുള്ള പ്രത്യേക അത്താഴ വിരുന്നിൽ വച്ചായിരിക്കും ട്രംപും മോദിയും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുക. കഴിഞ്ഞ മാസം അധികാരമേറ്റതിന് ശേഷം ആഴ്ചകളിൽ ട്രംപ് ആതിഥേയത്വം വഹിക്കുന്ന നാലാമത്തെ ലോക നേതാവാണ് പ്രധാനമന്ത്രി മോദി.
ഇന്ന് രാവിലെ സമാപിച്ച യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കൽ വാൾട്ട്‌സുമായുള്ള പ്രധാനമന്ത്രി മോദിയുടെ കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെയാണ്
മോദിയും ഇലോൺ മസ്‌കും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്. ഇരുവരും തമ്മിലുള്ള ചർച്ചകൾ സാങ്കേതികവിദ്യ, നവീകരണ മേഖലകളിൽ ഇന്ത്യ-യുഎസ് ബന്ധം ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ട്രംപ് അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി വൈറ്റ് ഹൗസിൽ തിരിച്ചെത്തിയതിന് ശേഷമുള്ള പ്രധാനമന്ത്രി മോദിയുടെ ആദ്യ യുഎസ് സന്ദർശനമാണിത്. ബുധനാഴ്ച യുഎസിലെത്തിയ ശേഷം, ഇന്ത്യൻ-അമേരിക്കൻ പ്രവാസികളിൽ നിന്ന് പ്രധാനമന്ത്രി മോദിക്ക് ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്.
യുഎസ് സന്ദർശനത്തിൽ പ്രധാനമന്ത്രി മോദി ആദ്യമായി ഔദ്യോഗിക കൂടിക്കാഴ്ച നടത്തിയത് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കൽ വാൾട്ട്‌സുമായിട്ടായിരുന്നു. കഴിഞ്ഞ ഡിസംബറിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അദ്ദേഹവുമായി ഉഭയകക്ഷി പങ്കാളിത്തത്തെയും ആഗോള വെല്ലുവിളികളെയും കുറിച്ച് ചർച്ചകൾ നടത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവും തമ്മിൽ ബ്ലെയർ ഹൗസിൽ നടന്ന യോഗത്തിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പങ്കെടുത്തു. തുടർന്ന് മോദി യുഎസ് ദേശീയ ഇന്റലിജൻസ് ഡയറക്ടർ തുളസി ഗബ്ബാർഡിനെയും കണ്ടിരുന്നു. മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഏതാനും മണിക്കൂറുകൾക്ക് മുമ്പായിരുന്നു യുഎസ് നാഷണൽ ഇന്റലിജൻസിന്റെ എട്ടാമത്തെ ഡയറക്ടറായി തുളസി ഗബ്ബാർഡ് സത്യപ്രതിജ്ഞ ചെയ്തത്.
പ്രസിഡന്റ് ട്രംപുമായുള്ള തന്റെ മുൻ സഹകരണത്തിന്റെ വിജയങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും ഈ സന്ദർശനമെന്ന് യാത്രയ്ക്ക് മുമ്പ് പ്രധാനമന്ത്രി മോദി വ്യക്തമാക്കിയിരുന്നു. സാങ്കേതികവിദ്യ, വ്യാപാരം, പ്രതിരോധം, ഊർജ്ജം, വിതരണ ശൃംഖലയിലെ പ്രതിരോധം എന്നീ മേഖലകളിലെ ബന്ധം ശക്തിപ്പെടുത്തുന്നതിൽ ആയിരിക്കും ഇരുരാജ്യങ്ങളും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
Discussion about this post