കൊച്ചി : എളമക്കരയില്‍ നിന്നും കാണാതായ പന്ത്രണ്ടുകാരിയെ കണ്ടെത്തുന്നതിലേക്ക് വഴിതെളിച്ചത് ജോര്‍ജെന്ന ഞാറക്കല്‍ സ്വദേശിയുടെ സമയോചിത ഇടപെടല്‍. രാത്രി ഏറെ വൈകി സൈക്കിളുമായി കടന്നു പോയ കുട്ടിയെ തടഞ്ഞു നിര്‍ത്തി പൊലീസിനെ വിവരം അറിയിച്ചത് ജോര്‍ജായിരുന്നു. രക്ഷിതാക്കള്‍ എത്തുവോളം ഈ യുവാവ് പന്ത്രണ്ടുകാരിക്ക് സുരക്ഷയൊരുക്കി. വിവരമറിഞ്ഞ് വല്ലാര്‍പ്പാടത്തേക്ക് എത്തിയ പൊലീസ് സംഘം കുട്ടിയെ കൈമാറുകയായിരുന്നു.
മീഡിയ വഴിയാണ് കുട്ടിയെ കാണാതായ വിവരമറിഞ്ഞതെന്ന് ജോര്‍ജ് പറഞ്ഞു. ”സുഹൃത്തിനൊപ്പം വീട്ടിലേക്ക് വരുന്ന വഴിയില്‍ വെച്ചാണ് സൈക്കിളില്‍ പോകുന്ന കുട്ടിയെ കണ്ടത്. എളമക്കരയില്‍ നിന്നും ഒരു കുട്ടിയെ കാണാതായെന്ന വിവരം മീഡിയില്‍ കണ്ട് അറിഞ്ഞിരുന്നു. വീട്ടില്‍ നിന്ന് അമ്മ വിളിച്ചപ്പോഴും ഒരു കുട്ടിയെ കാണാതായെന്ന് കേട്ടുവെന്ന് പറഞ്ഞിരുന്നു. സൈക്കിളില്‍ പോകുന്ന കുട്ടിയെ കണ്ടപ്പോള്‍ സംശയം തോന്നി. കുട്ടിയെ തടഞ്ഞ് എവിടെന്ന് വരികയാണെന്ന് ചോദിച്ചു. എളമക്കരയില്‍ നിന്നാണെന്ന് പറഞ്ഞു. എങ്ങോട്ട് പോകുകയാണെന്ന് ചോദിച്ചപ്പോള്‍ ചേട്ടാ നായരമ്പലത്ത് നിന്ന് വരുകയാണെന്നും പറഞ്ഞു. കുട്ടി കരഞ്ഞ് കൊണ്ടിരിക്കുകയായിരുന്നു. എന്താ പ്രശ്‌നമെന്ന് ചോദിച്ചപ്പോള്‍ സ്‌കൂളിലെ വിഷയം പറഞ്ഞു. ആകെ പ്രയാസമാണ് ചേട്ടാ എന്ന് പറഞ്ഞു. സ്‌കൂളില്‍ വച്ചുണ്ടായ മനോവിഷമത്തെ തുടര്‍ന്നാണ് കുട്ടി വീട്ടിലേക്ക് വരാതിരുന്നതെന്ന് രക്ഷിതാക്കളും പറഞ്ഞു.
വൈകീട്ട് അഞ്ചു മണിയോടെയാണ് എളമക്കര പൊലീസ് സ്റ്റേഷനിലേക്ക് എളമക്കര സരസ്വതി വിദ്യാനികേതനിലെ എഴാം ക്ലാസ് വിദ്യാര്‍ത്ഥിനി ഏറെ വൈകിയും വീട്ടിലെത്തിയില്ലെന്ന വിവരമെത്തുന്നത്. രക്ഷിതാക്കളുടെ പരാതി ഗൗരവത്തിലെടുത്ത പൊലീസ് ബന്ധുക്കളോടൊപ്പം തെരച്ചിലിനിറങ്ങി.
ഇതിനിടെ സ്‌കൂള്‍ യൂണിഫോമില്‍ കുട്ടി പച്ചാളം ഭാഗത്തുകൂടി കടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തെത്തി. അമ്മയുടെ ഫോണുമായി സ്‌കൂളിലെത്തിയ കുട്ടിയെ സ്‌കൂള്‍ അധികൃതര്‍ ശകാരിച്ചിരുന്നു. ഈ മനോവിഷമമാണ് വീട്ടിലേക്ക് തിരിച്ചുപോകാതിരിക്കാന്‍ പന്ത്രണ്ടുകാരിയെ പ്രേരിപ്പിച്ചത്.
Discussion about this post