ഡ്രൈ ഡേ കൊണ്ട് ആര്‍ക്കാണ് ഗുണം; ഒന്നാം തീയതി ബിവറേജസ് അടയ്ക്കുന്നത് പഴഞ്ചന്‍ ഐഡിയ; ആഘോഷത്തിന് അവധി ആലോചിക്കുന്നവെന്ന് എംഡി

Published by
Brave India Desk

 

കൊച്ചി: ഒന്നാം തീയതിയുള്ള ഡ്രൈ ഡേ ഒഴിവാക്കുന്നതിനെപ്പറ്റി ആലോചിക്കുന്നതായി സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷന്‍. നിലവില്‍ എല്ലാമാസവും ഒന്നാം തീയതി ഡ്രൈ ഡേയായി ആണ് ആചരിച്ചുവരുന്നത്. ഇതിനുപകരം ബെവ്കോയിലെ ജീവനക്കാര്‍ക്ക് കൂടി അനിയോജ്യമായ രീതിയില്‍ അവധി പുനക്രമീകരിക്കുന്നതിനെപ്പറ്റി ആലോചിച്ചുവരികയാണെന്ന് ് അധികൃതര്‍ അറിയിച്ചു. ഇതിനായി ജീവനക്കാരുമായി സംസാരിച്ചശേഷം നിര്‍ദേശം സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് ബെവ്കോ എം ഡി ഹര്‍ഷിത അട്ടല്ലൂരി പറഞ്ഞു.

” ഡ്രൈ ഡേ എന്നത് ഒരു അറു പഴഞ്ചന്‍ ആശയമാണ്. അതുകൊണ്ട് ആര്‍ക്കാണ് ഗുണം? നിലവില്‍ ബെവ്കോ ജീവനക്കാര്‍ക്ക് 4 അവധി ദിനങ്ങളും 12 ഡ്രൈ ഡേയുമാണുള്ളത്. ഞങ്ങളുടെ ജീവനക്കാരും അവധി ദിനങ്ങള്‍ കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം ആഘോഷിക്കുന്ന സ്ഥിതി ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു,” എംഡി പറഞ്ഞു

ജീവനക്കാരുടെ എണ്ണം വളരെക്കുറവായതിനാല്‍ ല്‍ കൂടുതല്‍ ദിവസം പ്രവര്‍ത്തിക്കുന്നതിന് അധിക ജീവനക്കാരെ ആവശ്യമായി വരും. ഈ മാറ്റം ബെവ്കോയുടെ വരുമാനത്തെ ബാധിക്കില്ല. നിലവിലെ അവധി ദിനങ്ങള്‍ ജീവനക്കാര്‍ക്ക് കൂടി സൗകര്യപ്രദമായ ദിവസങ്ങളിലേക്ക് മാറ്റാനാണ് ആലോചിക്കുന്നതെന്നും എംഡി അറിയിച്ചു.

അതേസമയം ഉത്പാദനം വര്‍ധിപ്പിക്കുന്നതിനായി ഓട്ടോമേഷന്‍ വഴി ജവാന്‍ റം വില്‍പ്പന 15 ശതമാനം വര്‍ധിപ്പിക്കാനും ബെവ്കോ ലക്ഷ്യമിടുന്നു. നിലവില്‍ തിരുവല്ലയിലെ ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സ് ലിമിറ്റഡിലെ തടസങ്ങള്‍ ഉത്പാദനശേഷിയെ പരിമിതപ്പെടുത്തുന്നുണ്ട്. ഈ പ്രശ്നം പരിഹരിക്കാനും ബെവ്കോ ശ്രമിക്കുന്നു.

 

Share
Leave a Comment

Recent News