ന്യൂഡൽഹി: ആധാർ കാർഡിൽ ഹിജാബ് ധരിച്ചുള്ള ഫോട്ടോകൾ അനുവദിക്കരുതെന്ന നിർദ്ദേശവുമായി ആധാർ അതോറിറ്റി. അക്ഷയ കേന്ദ്രങ്ങൾക്കാണ് ഇതുമായി ബന്ധപ്പെട്ട നിർദ്ദേശം നൽകിയത്. മുഖത്തിന്റെ ചിത്രം പൂർണമായി ലഭിക്കാത്ത സാഹചര്യത്തിലാണ് ഹിജാബ് ധരിച്ചുകൊണ്ടുള്ള ഫോട്ടോകൾ അനുവദിക്കരുതെന്ന് അതോറിറ്റി അറിയിച്ചത്.
വാട്‌സ് ആപ്പ് വഴി കഴിഞ്ഞ ദിവസമാണ് അക്ഷയ കേന്ദ്രങ്ങൾക്ക് നിർദ്ദേശം നൽകിയത്. ആധാറിനായി നൽകുന്ന ഫോട്ടോയിൽ ചെവിയും നെറ്റിയും വ്യക്തമായിരിക്കണം. എന്നാൽ ശിരോവസ്ത്രം ധരിച്ച് ഫോട്ടോ എടുക്കുമ്പോൾ ചെവിയും നെറ്റിയും മറഞ്ഞിരിക്കും. ഇത്തരത്തിലുള്ള ഫോട്ടോകൾ പാടില്ലെന്നാണ് അതോറിറ്റി അറിയിച്ചത്.
നിർദ്ദേശം കർശനമായി പാലിക്കണം. അല്ലാത്ത പക്ഷം അക്ഷയ കേന്ദ്രങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കും. സംരംഭകർക്ക് സസ്‌പെൻഷനും പിഴയും ഉൾപ്പെടെയായിരിക്കും ശിക്ഷയായി ലഭിക്കുക. ആധാർ അതോറിറ്റി സംസ്ഥാന അധികൃതർ നൽകിയ നിർദേശം അക്ഷയ പ്രൊജക്ട് അധികൃതരാണ് സംരംഭകർക്ക് വാട്‌സ്ആപ്പ് വഴി കൈമാറിയത്.
നേരത്തെ ഹിജാബ് ധരിച്ച ചിത്രങ്ങളും ആധാർ കാർഡിൽ ഉൾപ്പെടുത്തിയിരുന്നു. മുഖം മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചുകൊണ്ടുള്ള ചിത്രത്തിനായിരുന്നു വിലക്ക് ഉണ്ടായിരുന്നത്. ഇത് കൂടാതെ തലപ്പാവ് ധരിച്ചുകൊണ്ടുള്ള ചിത്രങ്ങൾക്കും വിലക്കുണ്ടായിരുന്നില്ല.
Leave a Comment