ദിസ്പൂർ : പ്രകൃതിദത്തമായ കാർഷികവിളകൾ കൊണ്ട് സമ്പന്നമായ ഇന്ത്യയിൽ ഓരോ സംസ്ഥാനത്തിനും തങ്ങളുടെ തനതായ കാർഷിക, വ്യാവസായിക പാരമ്പര്യങ്ങൾ ഉണ്ട്. വടക്കു കിഴക്കൻ ഇന്ത്യൻ സംസ്ഥാനമായ അസം പരമ്പരാഗതമായി തേയില കൃഷിക്ക് പ്രശസ്തമാണ്. തങ്ങളുടെ ഈ പരമ്പരാഗത തേയില വ്യവസായത്തെ ലോകത്തിനു മുൻപിൽ തന്നെ അവതരിപ്പിക്കാൻ അസം സർക്കാർ ഒരുക്കിയിരിക്കുന്ന സാംസ്കാരിക പരിപാടിയാണ് ‘ജുമോയിർ ബിനന്ദിനി 2025’.
‘ജുമോയിർ ബിനന്ദിനി 2025’ ഉദ്ഘാടനം നിർവഹിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഗുവാഹത്തിയിൽ എത്തി. ഫെബ്രുവരി 24 ന് വൈകീട്ട് 8000-ത്തിലേറെ തേയില തൊഴിലാളികൾ പങ്കെടുക്കുന്ന ഗംഭീരമായ പ്രകടനത്തോടെയാണ് സാംസ്കാരിക പരിപാടിക്ക് തുടക്കമാവുന്നത്. പ്രധാനമന്ത്രി മോദി, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, 60 വിദേശ അംബാസഡർമാർ എന്നിവരും പരിപാടിയിൽ പങ്കെടുക്കും. അഡ്വാന്റേജ് അസം 2.0 ഉച്ചകോടി യുടെ ഭാഗമായിട്ടാണ് ഈ ഗംഭീരമായ പരിപാടി അസം സർക്കാർ ഒരുക്കിയിരിക്കുന്നത്.
അസമിന്റെ പരമ്പരാഗത തേയില തോട്ടങ്ങളുടെയും തേയില കൃഷിയുമായി ബന്ധപ്പെട്ട് ജീവിക്കുന്ന സമൂഹങ്ങളുടെ പാരമ്പര്യത്തെയും വിളിച്ചോതുന്ന ഗോത്ര നൃത്തരൂപമാണ് ജുമോയിർ. സംസ്ഥാനത്തിന്റെ ഈ പാരമ്പര്യത്തെ ലോകത്തിനു മുമ്പിൽ തന്നെ പ്രദർശിപ്പിക്കുക എന്ന വലിയ തീരുമാനമാണ് അസം സർക്കാർ സംഘടിപ്പിച്ചിരിക്കുന്ന ഈ പരിപാടിക്ക് പിന്നിൽ. ഗുവാഹത്തിയിലെ സരുസജായ് സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടിയിൽ അസമിലെമ്പാടുമുള്ള 8,000-ത്തിലധികം ജുമോയിർ കലാകാരന്മാർ പങ്കെടുക്കും.
ജുമോയിർ പ്രോത്സാഹനത്തിനായി ഹിമന്ത ബിശ്വ ശർമ്മ നേതൃത്വം നൽകുന്ന അസം സർക്കാർ തേയില തൊഴിലാളികൾക്കായി പ്രത്യേക സാമ്പത്തിക സഹായം നൽകുന്നുണ്ട്. തേയിലത്തോട്ടങ്ങളിലെ ഒരു നീണ്ട ദിവസത്തെ കഠിനാധ്വാനത്തിനുശേഷം തൊഴിലാളികൾക്ക് സന്തോഷവും സൗഹൃദവും പ്രകടിപ്പിക്കാനുള്ള ഒരു മാർഗമായിരുന്നു ഈ നൃത്തരൂപം. ഇന്ന് തേയില തൊഴിലാളികളുടെ പാരമ്പര്യം വിളിച്ചോതുന്ന ഒരു പ്രധാന നൃത്തരൂപമായി അസമിൽ ജുമോയിർ മാറി. സീതാപതി, ഹസുലി, ജുംക, ചന്ദർ, പയേരി തുടങ്ങിയ പരമ്പരാഗത വേഷഭൂഷാദികൾ ധരിച്ച പുരുഷന്മാരും സ്ത്രീകളും ചേർന്നാണ് ഈ ഊർജ്ജസ്വലമായ നൃത്തം അവതരിപ്പിക്കുന്നത്. ധോൽ, മദൽ, ധംസ, ഓടക്കുഴൽ എന്നിവ കൊണ്ടുള്ള സംഗീതത്തിന്റെ അകമ്പടിയോടെ ആയിരിക്കും നൃത്തം. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ‘ജുമോയിർ ബിനന്ദിനി 2025’
അസമിന്റെ വികസനത്തിലേക്കും പുരോഗതിയിലേക്കുമുള്ള യാത്രയിൽ പ്രചോദനം നൽകുന്നതായിരിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ അറിയിച്ചു.
Leave a Comment