രാത്രി ഉറങ്ങുന്നതിന് മുൻപ് കൺമഷി കഴുകിക്കളയാൻ മടിക്കുന്നവരാണ് പലരും. എന്നാൽ ഈ ശീലം ഒട്ടും നല്ലതല്ലെന്നാണ് ഡെർമറ്റോളജിസ്റ്റുകൾ പറയുന്നത്. കാജൽ ഏറെ നേരം കണ്ണിൽ അണിയുന്നത് ത്വക്കിന് പലവിധ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നാണ് അവരുടെ പക്ഷം. കണ്ണിനു ചുറ്റും കറുപ്പ് നിറം പടരാനും (ഡാർക്ക് സർക്കിൾസ്) കാരണമാകുമെന്നാണ് സൗന്ദര്യ വിദഗ്ധർ പറയുന്നത്.
കിടക്കുന്നതിന് മുൻപ് മേക്കപ്പ് പൂർണമായും നീക്കം ചെയ്തില്ലെങ്കിൽ അത് കണ്ണിനടിയിൽ കറുപ്പിന് കാരണമായേക്കാം. ഉറങ്ങുന്നതിനു മുമ്പ് കണ്ണിനു ചുറ്റും നന്നായി വൃത്തിയാക്കുകയാണ് ഏക പരിഹാരം. കണ്ണുകൾക്ക് ചുറ്റുമുള്ള ചർമ്മം മുഖത്തിന്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് തീരെ ലോലമായതിനാൽ സൂക്ഷ്മമായ പരിചരണം ആവശ്യമാണ്. കാജൽ നീക്കം ചെയ്യാൻ കണ്ണുകൾ അമർത്തി തിരുമ്മുന്നത് ചർമ്മത്തിന് ദോഷം ചെയ്യും.
ഇത് ത്വക്കിനുള്ളിലേക്ക് കണ്മഷി കൂടുതൽ ആഗിരണം ചെയ്യാൻ കാരണമാകും. തൊലിയിളകി കണ്മഷി ഉള്ളിലേക്കു പോകാനും സാധ്യതയുണ്ട്. വെളിച്ചെണ്ണ ഉപയോഗിച്ച് കണ്മഷി നീക്കുന്നതാണ് ഏറ്റവും നല്ല മാർഗം. വെള്ളിച്ചെണ്ണ കണ്ണിനു ചുറ്റും നന്നായി തേച്ചുപിടിപ്പിച്ച് ഒരു ടിഷ്യൂ പേപ്പർ ഉപയോഗിച്ചോ അല്ലെങ്കിൽ കൈകൾ കൊണ്ടോ മൃദുവായി തുടച്ചുനീക്കാം.
പല വിലകളിൽ കാജൽ ഇന്ന് വിപണിയിൽ ലഭ്യമാണ്. അതുകൊണ്ട് നിലവാരമുള്ള കാജൽ നോക്കി വേണം ഉപയോഗിക്കാൻ. അല്ലെങ്കിൽ ദോഷകാരികളായ, ചർമ്മത്തെ നശിപ്പിക്കുന്ന രാസവസ്തുക്കളും കണ്ണിനുള്ളിൽ കടക്കാൻ സാധ്യതയുണ്ട്.
ചർമ്മത്തിൽ ഉണ്ടാകുന്ന പ്രതികൂല ഫലങ്ങൾ ഒഴിവാക്കാൻ പ്രകൃതിദത്തമായ കാജൽ ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്. രാസവസ്തുക്കൾ അടങ്ങിയ കാജലുകൾ ചർമ്മത്തിന് ദോഷം ചെയ്യും. അത്തരമൊരു സാഹചര്യത്തിൽ ശരിയായ ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കേണ്ടത് വളരെ പ്രധാനമാണ്.
Discussion about this post