എസ്‌ടിഎഫ് എൻകൗണ്ടറിൽ ലോറൻസ് ബിഷ്ണോയ് സംഘാംഗം കൊല്ലപ്പെട്ടു ; മരിച്ചത് തലയ്ക്ക് ഒരു ലക്ഷം രൂപ വിലയിട്ടിരുന്ന ഗുണ്ടാനേതാവ്

Published by
Brave India Desk

ലഖ്‌നൗ : ലോറൻസ് ബിഷ്ണോയ് സംഘത്തിലെ ഷൂട്ടർ ആയ ഗുണ്ടാനേതാവ് സ്പെഷ്യൽ ടാസ്ക് ഫോഴ്സ് നടത്തിയ എൻകൗണ്ടറിൽ കൊല്ലപ്പെട്ടു. ജിതു എന്ന ജിതേന്ദ്ര (42) ആണ് മരിച്ചത്. ഷാർപ്പ് ഷൂട്ടറും ഗുണ്ടാ നേതാവുമായ ഇയാളുടെ തലക്ക് പോലീസ് ഒരുലക്ഷം രൂപ വിലയിട്ടിരുന്നു. ഉത്തർപ്രദേശ് പോലീസിന്റെ മീററ്റ്, നോയിഡ എന്നിവിടങ്ങളിൽ നിന്നുള്ള സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (എസ്‌ടിഎഫ്) യൂണിറ്റുകൾ ചേർന്നാണ് എന്‍കൗണ്ടർ നടത്തിയത്.

മീററ്റിലെ മുണ്ടാലി പോലീസ് സ്റ്റേഷൻ പ്രദേശത്ത് ബുധനാഴ്ചയായിരുന്നു എസ്‌ടിഎഫും ഗുണ്ടാസംഘവും തമ്മിൽ വെടിവെപ്പ് ഉണ്ടായത്. ജിതേന്ദ്ര വെടിയേറ്റ് താഴെ വീണതോടെ ഒപ്പമുണ്ടായിരുന്ന മറ്റ് സംഘാംഗങ്ങൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. പരിക്കേറ്റ ജീതുവിനെ എസ്ടിഎഫ് സംഘം ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. ഹരിയാനയിലെ ഝജ്ജാർ ജില്ലയിലെ സിവാൻ ഗ്രാമത്തിൽ താമസിക്കുന്ന ജീതു, വിവിധ സംസ്ഥാനങ്ങളിലായി നിരവധി കേസുകളിൽ പ്രതിയാണ്.

2023 ൽ ഗാസിയാബാദിൽ നടന്ന ഒരു കൊലപാതക കേസിൽ പോലീസ് ഇയാളെ അന്വേഷിച്ചുവരികയായിരുന്നു. 2016-ൽ ഝജ്ജാറിൽ ഇരട്ട കൊലപാതകം നടത്തിയതിന് ജിതേന്ദ്രയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 2023-ൽ പരോളിൽ പുറത്തിറങ്ങിയതിന് ശേഷം ഇയാൾ ഒളിവിൽ പോവുകയായിരുന്നു. ഇതേത്തുടർന്നാണ് ഉത്തർപ്രദേശ് പോലീസ് ഇയാളുടെ തലയ്ക്ക് ഒരു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നത്. ഝജ്ജാർ ഇരട്ടക്കൊലപാതക കേസിൽ ജയിലിൽ കഴിഞ്ഞു വരുമ്പോഴാണ് ഇയാൾ ലോറൻസ് ബിഷ്ണോയ് സംഘവുമായി ബന്ധം സ്ഥാപിക്കുന്നത്. പരോളിൽ ഇറങ്ങി ഒളിവിൽ പോയതിനുശേഷം ഇയാൾ ലോറൻസ് ബിഷ്ണോയ് സംഘത്തിനു വേണ്ടി നിരന്തരമായി പ്രവർത്തിച്ചിരുന്നതായാണ് എസ്ടിഎഫ് കണ്ടെത്തിയിട്ടുള്ളത്.

Share
Leave a Comment

Recent News